അവിശ്വാസം പരാജയപ്പെടുമെന്നുറപ്പ്; ലക്ഷ്യം, ഭരണപക്ഷത്തിനെതിരെ കുറ്റപത്രമൊരുക്കൽ
2020 ആഗസ്റ്റ് 24 തിങ്കൾ കേരള നിയമസഭയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുകയാണ്.

തുടർ ഭരണമടക്കം ചർച്ചയാക്കി മുന്നേറിയ സർക്കാറിനെതിരെ നിരവധി സമരങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ഒന്നും അങ്ങനെ കാര്യമായി ഏശിയതുമില്ല. ദുരന്തങ്ങളെ ഓരോന്നായി സംസ്ഥാനം നേരിടുമ്പോഴും, സർക്കാര് കുലുക്കമില്ലാതെ മുന്നോട്ട് പോയി. സ്വപ്ന പദ്ധതികൾ പലതും പ്രഖ്യാപിച്ച് കടന്നുപോയപ്പോഴാണ് സ്വപ്ന തന്നെ ഇടിത്തീയായത്.
മുഖ്യമന്ത്രിയുടെ ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും സ്വർണ കടത്ത് കേസിൽ കുറ്റാരോപിത പട്ടികയിലേക്ക് മാറിയപ്പോൾ പിണറായി സർക്കാറിന്റെ അവസാന നാളുകൾ അഗ്നിപരീക്ഷണത്തിന്റേതായി. പ്രതിപക്ഷം ആയുധത്തിന്റെ മൂർച്ച കുട്ടി മുഖ്യമന്ത്രിയെയും സർക്കാറിനെയും കടന്നാക്രമിച്ചു. ഒടുവിൽ സ്വർണക്കടത്ത് കേസ് വിവിധ ഘട്ടങ്ങൾ കടന്ന്, പാവങ്ങളുടെ വീടു നിർമാണ പദ്ധതിയായ ലൈഫ് പദ്ധതിയിലേക്ക് വരെ പ്രതികളുടെ ബന്ധം നീണ്ടതോടെ എല്ലാ അർഥത്തിലും വെട്ടിലായി. ഇതോടെയാണ് ആവനാഴിയിലെ അടുത്ത അസ്ത്രം എന്ന നിലക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്.
കേസിൽ സ്പീക്കർ കൂടി പ്രതിയാണെന്ന ആരോപണമുയർത്തി സ്പീക്കർക്ക് എതിരെയും അവിശ്വാസമുയർത്തിയാണ് പ്രത്യേക ഏകദിന നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷം കച്ചമുറുക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലെ 15 അവിശ്വാസ പ്രമേയങ്ങളിൽ 14 ഉം പരാജയപ്പെട്ട ചരിത്രമാണുള്ളത്. 16 മത്തെ അവിശ്വാസ പ്രമേയമായ നാളത്തെ പ്രമേയവും പരാജയപ്പെടും എന്നുറപ്പാണ്.
പക്ഷേ, പ്രതിപക്ഷത്തിന്റെ ലക്ഷ്യം കൃത്യമാണ്. പിണറായി വിജയൻ സർക്കാറിനെതിരെ കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ നിരയിലെ ഓരോ നാവും സർക്കാറിന്റെ ചെയ്തികളെ കുറിച്ച് അക്കമിട്ട് നിരത്തും. ഈ ആക്രമണ പ്രഭാഷണങ്ങൾ നിയമസഭയുടെ രേഖയാകും. ചരിത്രത്തിൽ ഈ സർക്കാറിനെതിരായ ആരോപണങ്ങൾ അങ്ങനെ രേഖപ്പെടുത്താനാവും.
അഞ്ച് അവിശ്വാസ പ്രമേയങ്ങളെ നേരിട്ട് അതിജീവിച്ച കെ.കരുണാകരനും, ഒരേ കാലഘട്ടത്തിൽ 4 എണ്ണത്തെയടക്കം നിരവധി തവണ അതിജീവിച്ച സി. അച്യുതമേനോനും അവിശ്വാസ പ്രമേയങ്ങളെ മറികടന്ന ഇ കെ നായനാരും, ഉമ്മൻ ചാണ്ടിയും ഒക്കെയാണ് പിണറായിയുടെ മുൻഗാമികൾ.
സഭാ സമ്മേളനത്തിനൊപ്പം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും എൽ ഡി എഫ് വിജയിക്കുമെന്നുറപ്പാണ്. പക്ഷേ സഭയിൽ വൈകും വരെ നടക്കുന്ന ചർച്ചയിൽ സർക്കാർ കുറച്ചധികം വിയർക്കുമെന്നതാണ് പ്രതിപക്ഷ പ്രതീക്ഷ. 2020 ആഗസ്റ്റ് 24 തിങ്കൾ കേരള നിയമസഭയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുകയാണ്.