LiveTV

Live

Kerala

മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് വൈകും

ഇന്നലെ മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്തേക്ക് വിളിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.

മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് വൈകും

വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത് വൈകും. റീ പോസ്റ്റുമോർട്ടം വേണ്ടി വന്നേക്കുമെന്നാണ് സിബിഐ മത്തായിയുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇന്നലെ മത്തായിയുടെ ഭാര്യ ഷീബയെ സിബിഐ തിരുവനന്തപുരത്തേക്ക് വിളിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.

സിബിഐ എസ്.പി നന്ദകുമാർ നായർ, ഡിവൈഎസ്പി ടി പി അനന്ദകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് മത്തായി ദുരൂഹ മരണ കേസ് അന്വേഷിക്കുന്നത്. കേസിന്‍റെ തുടക്കം മുതൽ സിബിഐ അന്വേഷിക്കും. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഷീബയിൽ നിന്ന് സി.ബി.ഐ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. നാല് മണിക്കൂർ കൂടിക്കാഴ്ച നീണ്ടു. റീ പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ ഷീബയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ഇനിയും വൈകും. റീ പോസ്റ്റുമോർട്ടം ആവശ്യമെങ്കിൽ അതു കഴിഞ്ഞു മതി സംസ്കാരം എന്ന നിലപാടിലാണ് മത്തായിയുടെ കുടുംബം.

സിബിഐ അന്വേഷണം വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടിന് പുറമെ സീൽ വെച്ച കവറിലും വിശദീകരണം നൽകിയിരുന്നു. കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വന്നതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്തായിയുടെ കുടുംബം.