LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് മലപ്പുറം, പത്തനംതിട്ട സ്വദേശികള്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മരിച്ചത് മലപ്പുറം, പത്തനംതിട്ട സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. മലപ്പുറം, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി ഹംസയാണ് മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടറും കോവിഡ് ബാധിച്ച് മരിച്ചു. ക്യാന്‍സര്‍ രോഗിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അലക്‍സാണ്ടറിന്‍റെ മരണം

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്കാണ് കോവിഡ്. ഇതോടെ 15 ഡോക്ടർമാർ നിരീക്ഷണത്തില്‍ പോയി. തിരുവനന്തപുരം വർക്കല ഇലകമൺ പഞ്ചായത്തിലെ വാർഡ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ പഞ്ചായത്ത്‌ ജീവനക്കാരനും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗത്തിനും രോഗം ബാധിച്ചിരുന്നു. വക്കത്ത് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ മൂന്നും അഞ്ചും വയസുള്ള മക്കള്‍ക്കും കോവിഡ് ബാധിച്ചു..

ആലപ്പുഴ വയലാറില്‍ കോവിഡ് രോഗികളുടെ വീടിന് നേരെ കല്ലേറുണ്ടായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറാന്‍ ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം കോവിഡ് രോഗികളുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.