LiveTV

Live

Kerala

'സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ വേണ്ട'; കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈനില്‍ മാറ്റമില്ല. സമ്പര്‍ക്കമില്ലെങ്കിലും ജലദോഷപ്പനിയുള്ളവര്‍, അസുഖം മാറുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

'സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ വേണ്ട'; കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റവുമായി ആരോഗ്യവകുപ്പ്

ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരില്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം 14 ദിവസത്തെ ക്വാറന്‍റൈന്‍ മതിയാകും. സമ്പര്‍ക്കമില്ലെങ്കിലും ജലദോഷപ്പനിയുള്ളവര്‍, അസുഖം മാറുന്നത് വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇനി മുതല്‍ വിദേശത്തു നിന്ന് വന്നവര്‍ക്കും 14 ദിവസത്തെ ക്വാറന്‍റൈന്‍ മതി.

കോവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്‍റൈന്‍ എന്ന രീതി മാറുകയാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ മാത്രം 14 ദിവസം ക്വാറന്‍റൈന്‍ ഇരുന്നാല്‍ മതിയാകും. രോഗിയുമായി ഒരു മീറ്റര്‍ ദൂരത്തില്‍ 15 മിനിറ്റ് സമ്പര്‍ക്കത്തിലാവുക, മാസ്ക്, ഗ്ലൌസ്, പിപിഇ കിറ്റ് എന്നിവയില്ലാതെ ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഒരേ റൂമില്‍ താമിച്ചവര്‍, സാധനങ്ങള്‍ പങ്കിട്ടവര്‍ എന്നിവരാണ് ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുക. അടുത്ത സമ്പര്‍ക്കമില്ലാത്തവര്‍ അനാവശ്യയാത്രകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുകയും മാസ്ക്, സാനിറ്റേഷന്‍ എന്നിവ പാലിക്കുകയും ചെയ്താല്‍ മതി.

എന്നാല്‍ സമ്പര്‍ക്കമില്ലെങ്കിലും ജലദോഷപനി, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ അവ മാറുംവരെ വീട്ടില്‍ കഴിയണമെന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം. വിദേശത്തു നിന്നു വരുന്നവര്‍ക്ക് 28 ദിവസം ക്വാറന്‍റൈന്‍ എന്നത് 14 ദിവസമാക്കി ചുരുക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും 14 ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കണം. കോവിഡ് വ്യാപനം വര്‍ധിക്കുകയും അടുത്ത സമ്പര്‍ക്കമില്ലാത്തവര്‍ പോലും ക്വാറന്‍റൈനില്‍ കഴിയേണ്ടി വരികുയും ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുതുക്കിയത്.