LiveTV

Live

Kerala

കുവി പെട്ടിമുടിയോട് യാത്ര പറഞ്ഞു; ഇനി പുതിയ ദൗത്യം..

ഒരു നോവായി ശേഷിക്കുകയാണ് ധനുഷ്കയുടെയും കുവിയുടേയും ആത്മബന്ധത്തിന്‍റെ കഥ.

കുവി പെട്ടിമുടിയോട് യാത്ര പറഞ്ഞു; ഇനി പുതിയ ദൗത്യം..

പെട്ടിമുടിയിലെ കുവിയെ പൊലീസ് ഏറ്റെടുത്തു. കളിക്കൂട്ടുകാരി ധനുഷ്കയെ അന്വേഷിച്ച് കണ്ടെത്തിയ കുവി എന്ന നായ ഇനി ഡോഗ് സ്ക്വാഡിനൊപ്പം ഉണ്ടാകും. ഇന്നലെ വൈകിട്ടാണ് കുവിയെ പൊലീസ് പെട്ടിമുടിയില്‍ നിന്ന് കൂട്ടികൊണ്ട് പോയത്.

കുവി പെട്ടിമുടിയോട് താല്‍ക്കാലികമായി വിടപറയുകയാണ്. ഇനി പുതിയ റോളില്‍ ഇടുക്കി ഡോഗ് സ്ക്വാഡിനൊപ്പം ഉണ്ടാകും. കഴുത്തില്‍ പുതിയ ടാഗ് അണിയിച്ച് പെട്ടിമുടിക്കാര്‍ തന്നെ കുവിയെ യാത്രയാക്കി.

ദുരന്തഭൂമിയില്‍ അവശനായി അലഞ്ഞ് നടന്ന കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകന്‍ അജിത് മാധവ് നേരത്തെ അനുമതി തേടിയിരുന്നു, കുവിയെ വീട്ടിലെത്തിച്ച് പരിപാലിക്കാനായിരുന്നു അജിത് ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ കുവിയെ ജില്ലാ ഡോഗ് സ്ക്വാഡിനൊപ്പം വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ഡോഗ് സ്ക്വാഡിലെ നായകള്‍ക്കൊപ്പം കുവിക്കും ഇനി പ്രത്യേക പരിചരണം ലഭിക്കും.

ദുരന്ത ഭൂമിയിലെ എട്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുവി തന്‍റെ കളിക്കൂട്ടുകാരിയായ ധനുഷ്കയെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്താതിരുന്നിടത്തേക്ക് കുവി അവരെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെട്ടിമുടിയില്‍ മണ്ണിനടിയില്‍ മൂടപ്പെട്ട നിരവധി ജീവനുകളുടെയും സ്നേഹബന്ധങ്ങളുടെയും കഥകളില്‍ പുറം ലോകം അറിഞ്ഞ ചുരുക്കം ചില കഥകളില്‍ ഒന്നായി, ഒരു നോവായി ശേഷിക്കുകയാണ് ധനുഷ്കയുടെയും കുവിയുടേയും ആത്മബന്ധത്തിന്‍റെ കഥ.