ചലച്ചിത്ര പുരസ്കാര ജേതാവായ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം; തുറന്നുപറച്ചിലുമായി ആലുവ യുസി കോളേജിലെ വിദ്യാര്‍ഥിനികള്‍
'പാപിച്ച' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അധ്യാപകരില്‍ നിന്ന് ചൂഷണം നേരിട്ട വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.

അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെകുറിച്ച് പുറം ലോകത്തെ അറിയിക്കാന്‍ ക്യാമ്പയിന് സംഘടിപ്പിച്ച് കോളേജ് വിദ്യാര്‍ഥിനികള്‍. ആലുവ യു.സി കോളേജ് ക്യാമ്പസിലെ വിദ്യാര്‍ഥികളും പൂര്വവിദ്യാര്ഥികളുമടങ്ങുന്ന കൂട്ടായ്മയാണ് മീടൂ മാതൃകയിലുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന് വഴി ഇക്കാര്യം സമൂഹമധ്യത്തിലെത്തിക്കുന്നത്.
'പാപിച്ച' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അധ്യാപകരില്‍ നിന്ന് ചൂഷണം നേരിട്ട വിദ്യാര്‍ഥിനികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചത്.
കോളേജിന്റെ ഇന്റലക്ച്വല്‍ മുഖമായ, പകല്‍മാന്യനായ, സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള അധ്യാപകനാണ് ഇത്തരത്തില്‍ മോശമായി ഇടപെടുന്നതെന്ന് വിദ്യാര്‍ഥിനികള്‍ വീഡിയോയിലൂടെ പറയുന്നു. തങ്ങള്‍ക്ക് പല സന്ദര്‍ഭങ്ങളിലായി നേരിടേണ്ടി വന്ന സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും, തുറന്നു പറയാന്‍ എല്ലാവരും തയ്യാറാകണമെന്നും 'പാപിച്ച'യിലൂടെ ഈ കൂട്ടായ്മ ആവശ്യപ്പെടുന്നു
'കോളേജ് ക്യാന്റീനില്‍ വെച്ച് അധ്യാപകനില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമം ചോദ്യം ചെയ്തു, അപ്പോള്‍ മറുപടിയായി അയാള്‍ പറഞ്ഞത് സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയാണ് ചെയ്തത്, ആ രീതിയില്‍ എടുക്കുമെന്ന് കരുതിയില്ല, എന്നായിരുന്നു' ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ വിദ്യാര്‍ഥി പറഞ്ഞത്.
വിദ്യാര്‍ഥിനികള്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കുറിപ്പ് ഇങ്ങനെ
'ഞങ്ങൾ പലരുടെയും പ്രതിനിധികളാണ്...ഞങ്ങൾക്കു പറയാനുള്ളത് ഞങ്ങളുടെ മാത്രം കഥകളുമല്ല...
രാഷ്ട്രീയം ചർച്ച ചെയ്യുന്നവർ എന്ന നിലയിലും , നീതിബോധങ്ങളെ നിരന്തരം പരിഷ്കരിക്കാൻ ശ്രമിക്കുന്നവർ എന്ന നിലയിലും,ഞങ്ങളുടെ ഇടയിൽ സംഭവിച്ച ഒരു തെറ്റ് ഇവിടെ വെച്ച് തിരുത്തേണ്ടതുണ്ട്.എങ്കിൽ മാത്രമേ തുല്യതയ്ക്കു വേണ്ടിയുള്ള യാത്രയിൽ സ്വയം നീതീകരിക്കാൻ ഞങ്ങൾക്കാവൂ...
അപ്പോൾ, ഇന്ന് ഞങ്ങളാ യാത്ര ആരംഭിക്കുകയാണ് ...ഞങ്ങളിലേക്ക് ...നിങ്ങളിലേക്ക്...നമ്മളിലേക്ക്...'