മോദിയെ അനുകൂലിച്ചതിന്റെ പേരില്‍ താങ്കളെയും കുടുംബാംഗങ്ങളെയും വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല; നടന് കൃഷ്ണകുമാറിന് പിന്തുണയുമായി കെ.സുരേന്ദ്രന്
താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്

നടന് കൃഷ്ണകുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളെയും കുടുംബാംഗങ്ങളെയും വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഒറ്റവാക്കിൽ പറയാൻ പറ്റില്ലല്ലോ. അദ്ദേഹം എന്നാൽ ഒരു വ്യക്തിയല്ലല്ലോ. പ്രസ്ഥാനമല്ലേ. അങ്ങിനെ പറയാന്‍ കാരണങ്ങളുമുണ്ട്. ഇന്ത്യ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് 2014ല്‍ അദ്ദേഹത്തിന്റെ വരവ്. ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധാലുവാണ് അദ്ദേഹം എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. കൃഷ്ണകുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളെയും കുടുംബാംഗങ്ങളെയും വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.