LiveTV

Live

Kerala

തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 519 പേര്‍ക്ക്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി


തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 519 പേര്‍ക്ക്

തലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 540 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 519 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി.

തിരുവനന്തപുരത്ത് കോവിഡ് ബാധ അനുദിനം വര്‍ദ്ധിക്കുകയാണ്. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 540 പേരാണ് ഇന്നലെ രോഗബാധിതരായത്. മരിയനാട് 19 പേര്‍ക്കും കൊച്ചുതോപ്പില്‍ 18പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വള്ളക്കടവില്‍ 13 പേര്‍ക്ക് പൊസിറ്റീവായി. കാട്ടാക്കടയില്‍ എട്ടും ബാലരാമപുരത്ത് ഏഴും പേരാണ് രോഗബാധിതരായത്. കാട്ടാക്കടയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. അമ്പലത്തിൻകാല സ്വദേശി ശശിധരന്‍ നായര്‍ ആണ് മരിച്ചത്. പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കില്ല. എന്നാല്‍ ഒൻപതാം വാർഡും ഡയാലിസിസ് യൂണിറ്റും പ്രവര്‍ത്തിക്കും. അത്യാഹിത വിഭാഗം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോർട്ട് താലൂക്കാശുപത്രിയിലും പ്രവർത്തിക്കും. ത്വക്കുരോഗം, ഇ.എൻ.റ്റി. നേത്ര രോഗം, ഓർത്തോപീഡിക്, മെഡിസിൻ, ഡെന്റൽ, സർജറി വിഭാഗങ്ങളുടെ സേവനവും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലഭിക്കും. 10 പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.