LiveTV

Live

Kerala

ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയില്ല, എല്ലാത്തിനും മുഖ്യമന്ത്രിയുടേതായ രീതിയില്‍ മറുപടി നല്‍കി ; മുഖ്യമന്ത്രിയെ അഭിമുഖം ചെയ്ത അനുഭവം പങ്കുവച്ച് വി.ഡി സതീശന്‍

പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് നാണം മിന്നിമറഞ്ഞതായി വി.ഡി സതീശൻ മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു

ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയില്ല, എല്ലാത്തിനും മുഖ്യമന്ത്രിയുടേതായ രീതിയില്‍ മറുപടി നല്‍കി ; മുഖ്യമന്ത്രിയെ അഭിമുഖം ചെയ്ത അനുഭവം പങ്കുവച്ച് വി.ഡി സതീശന്‍

മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയ അനുഭവം പങ്കുവച്ച് വി.ഡി സതീശൻ എം.എല്‍.എ. കേരളത്തിന്‍റെ മുഖ്യമന്ത്രി , പിണറായി വിജയനാണ്, കാർക്കശ്യക്കാരനാണ്, രാഷ്ട്രീയം ചോദിക്കണം, കടുത്ത ഭാഷയിൽ ചോദിക്കാനാവില്ല, ആർക്കും അങ്ങനെ അഭിമുഖം നൽകുന്നയാളല്ല, നിയമ സഭയുടെ പേരിലെ സഭാ ടി വി ക്ക് വേണ്ടിയായിരുന്നു അതിനാൽ ഭാഷ ശ്രദ്ധിക്കണം. ഇതൊക്കെയായിരുന്നു അഭിമുഖത്തിനായി മുഖ്യമന്ത്രിക്ക് മുന്നിലെത്തുമ്പോൾ മനസിൽ ഉണ്ടായിരുന്നത്.

പക്ഷേ മുഖ്യമന്ത്രി ചോദ്യങ്ങളോട് നന്നായി പ്രതികരിച്ചു. ചിരി തൂകി തന്നെ പലപ്പോഴും മറുപടി തന്നു. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് നാണം മിന്നിമറഞ്ഞതായി വി.ഡി സതീശൻ മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു. അത്ര സുഖകരമല്ലാത്ത രാഷ്ട്രീയ സാഹചര്യമായതിനാൽ അത്തരം ചോദ്യങ്ങൾ ചോദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് ചോദിക്കാനുള്ള അവസരം കൂടി ആയിരുന്നല്ലോ ? അത് കൃത്യമായി ചോദിച്ചു. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയില്ല. എല്ലാത്തിനും മുഖ്യമന്ത്രിയുടേതായ മറുപടിയും വന്നു.

പതിവ് പ്രകൃതമായിരുന്നില്ല മുഖ്യമന്ത്രിക്ക് പലപ്പോഴും മുഖത്ത് ചിരി നിലനിന്നു. കാർക്കശ്യ പ്രകൃതക്കാരനെന്നത്, തന്നെ അങ്ങനെ പറഞ്ഞ് പറഞ്ഞ് ആക്കിയതെന്നായിരുന്നു മറുപടി. ചോദ്യങ്ങളെ പതിവു ശൈലി വിട്ടു നേരിട്ടു. സൗഹാർദ്ദപരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി കുറച്ച് കൂൾ ആയിരുന്നു എന്നാണ് തോന്നിയത്.

പരിചയസമ്പന്നനായ തോമസ് ജേക്കബ് കൂടെ ഉണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുടെ വ്യക്‌തിപരമായ ചോദ്യങ്ങളാണ് ചോദിച്ചത്. ഞാൻ രാഷ്ട്രീയവും വിവാദവും ഊന്നി ചോദിച്ചു അപ്പോൾ മുഖ്യമന്ത്രി ഗൗരവത്തിൽ തന്നെ മറുപടി പറഞ്ഞു. നിയമസഭക്കകത്തും പുറത്തും രാഷട്രീയമായി ഏറ്റുമുട്ടുന്ന ശൈലി വിട്ട ഈ സംസാരം നല്ല അനുഭവമായിരുന്നു.

പലപ്പോഴും കടുത്ത ഭാഷയിൽ എതിരിടുമ്പോഴും , പ്രത്യേകിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധം പുലർത്തുന്നു എന്നും വി ഡി സതീശൻ പറഞ്ഞു. അര മണിക്കൂർ കൂടി ഇനിയും സംപ്രേഷണത്തിന് ബാക്കിയുണ്ട്. അഭിമുഖത്തിന് ലഭിച്ച പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.