LiveTV

Live

Kerala

ലൈഫ് പദ്ധതിക്കായി ധാരണാപത്രം തയ്യാറാക്കിയത് റെഡ് ക്രസന്‍റ്; ലൈഫ് സി.ഇ.ഒക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെത്തി ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ലൈഫ് സിഇഒയോട് തദ്ദേശവകുപ്പ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു


ലൈഫ് പദ്ധതിക്കായി ധാരണാപത്രം തയ്യാറാക്കിയത് റെഡ് ക്രസന്‍റ്; ലൈഫ് സി.ഇ.ഒക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി ധാരണാപത്രം തയ്യാറാക്കിയത് റെഡ് ക്രസന്‍റ്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെത്തി ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ലൈഫ് സിഇഒയോട് തദ്ദേശവകുപ്പ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. ധാരണാപത്രം ഒപ്പിട്ട അന്നു തന്നെയാണ് കത്തു നല്‍കിയതും. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണത്തിന് റെഡ് ക്രസന്‍റുമായി ഒപ്പിടേണ്ട ധാരണ പത്രത്തിന്‍റെ കരട് തയ്യാറാക്കിയതു തന്നെ റെഡ് ക്രസന്‍റാണ്. ധാരണാ പത്രത്തില്‍ ഒപ്പിടേണ്ട ലൈഫ് സി.ഇ.ഒയെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത് യോഗത്തില്‍ ഹാജരാകാന്‍ തദ്ദേശ വകുപ്പ് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെടുന്നു. അതും കരാര്‍ ഒപ്പിടുന്ന അതേ ദിവസം. അപ്പോഴാണ് ധാരണാപത്രത്തിന്‍റെ കരട് ലൈഫിന് നല്‍കുന്നതും. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ ജോസ് ലൈഫ് സി.ഇ.ഒ യു.വി ജോസിനയച്ച കത്ത് പുറത്തു വന്നതോടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

കത്തയക്കുന്നത് 2019 ജൂലൈ 11 ന്. അതായത് ധാരണാ പത്രം ഒപ്പുവെക്കുന്ന അന്നു തന്നെ. കരാറില്‍ ഒപ്പിടേണ്ട ലൈഫ് സി.ഇ.ഒ ധാരണാ പത്രം കാണുന്നത് അപ്പോഴാണ്. സര്‍ക്കാര്‍ ഒപ്പിടുന്ന ധാരണാ പത്രങ്ങളുടെ കരാര്‍ സര്‍ക്കാര്‍ തയാറാക്കുകയോ മറ്റു ഏജന്‍സികള്‍ നല്‍കുന്ന കരട് സര്‍ക്കാര്‍ പരിശോധിക്കുകയോ വേണം. അത്തരമരൊരു പരിശോധനക്ക് സമയം ലഭിച്ചില്ലെന്നും വ്യക്തം. കരാര്‍ ഒപ്പിട്ട അതേ ദിവസം വൈകിട്ട് 3 മണിക്കാണ് നിയമവകുപ്പില്‍ ഫയല്‍ എത്തുന്നത് തന്നെ. മണിക്കൂറുകള്‍ക്കുള്ളില്‍ വൈകിട്ട 6 മണിയോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാ പത്രം ഒപ്പിടുകയും ചെയ്തു. അനാവശ്യമായ ധൃതി, നിയമപരവും സാങ്കേതികവുമായ നടപടികള്‍ പാലിക്കാതിരിക്കല്‍. റെഡ് ക്രസന്‍റുമായുള്ള സര്‍ക്കാരിന്‍റെ ധാരണാ പത്രം സംബന്ധിച്ച ദുരൂഹത വര്‍ധിക്കുകയാണ്.