LiveTV

Live

Kerala

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; മലപ്പുറത്തെ പ്രശംസിച്ച് മനേക ഗാന്ധി

മുസ്ലിം യൂത്ത് ലീഗ് നേതാവ് നൽകിയ ഇ-മെയിൽ സന്ദേശത്തിനു മറുപടി ആയാണ് മനേക ഗാന്ധിയുടെ പ്രതികരണം

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; മലപ്പുറത്തെ പ്രശംസിച്ച് മനേക ഗാന്ധി

ഒടുവിൽ മലപ്പുറത്തെ പ്രശംസിച്ചു മനേക ഗാന്ധി . കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷ പ്രവർത്തനത്തെയാണ് മനേക ഗാന്ധി പ്രശംസിച്ചത് . മുസ്ലിം യൂത്ത് ലീഗ് നേതാവ് നൽകിയ ഇ-മെയിൽ സന്ദേശത്തിനു മറുപടി ആയാണ് മനേക ഗാന്ധിയുടെ പ്രതികരണം .

കരിപ്പൂർ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയത് . ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മേനക ഗാന്ധി എം പി യുടെ ഇമെയിൽ സന്ദേശം . വിമാനാപകടം നടന്ന സമയത്ത് കോവിഡ് പശ്ചാത്തലം പോലും വകവെക്കാതെ യായിരുന്നു പ്രദേശവാസികളുടെ രക്ഷാ പ്രവർത്തനം . ഇത് വിശദീകരിച്ച് മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മേനക ഗാന്ധിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മനേക ഗാന്ധി മലപ്പുറത്തെ പ്രശംസിച്ചത്.

മുമ്പ് പാലക്കാട് ജില്ലയിൽ സ്‌ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ കുറിച്ചുള്ള മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂർ ‌ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയിൽ അയച്ചിരുന്നു . മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞെതെന്നുമായിരുന്നു അന്ന് മനേക ഗാന്ധി നൽകിയ മറുപടി ഇമെയിൽ സന്ദേശം .