LiveTV

Live

Kerala

20 വര്‍ഷമായി പ്രൊമോഷനില്ലാതെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍

തസ്തിക ഉയർത്തണമെന്ന് ശിപാർശ ചെയ്തുള്ള ഫയലിൽ മൂന്ന് വർഷമായിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി

20 വര്‍ഷമായി പ്രൊമോഷനില്ലാതെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍

ഇരുപത് വർഷമായി പ്രൊമോഷൻ ഇല്ലാതെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍. തസ്തിക ഉയർത്തണമെന്ന് ശിപാർശ ചെയ്തുള്ള ഫയലിൽ മൂന്ന് വർഷമായിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ആവശ്യങ്ങൾ അംഗീകരിക്കാനായി ഇന്ന് ജീവനക്കാരുടെ പട്ടിണി സമരം. ഉച്ചയൂണിന്‍റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണി ഓർഡർ അയച്ച് പ്രതിഷേധമറിയിക്കും.

പൊതുജനത്തിന് നേരിട്ട് സമ്പർക്കം വരുന്ന രണ്ട് ഓഫീസുകളാണ് പഞ്ചായത്തും വില്ലേജും. കാലാനുസൃതമായി പഞ്ചായത്താഫീസുകളിൽ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചെങ്കിലും വില്ലേജ് ഓഫീസുകളിൽ 1969ലെ സ്റ്റാഫ് പാറ്റേൺ ആണ് തുടരുന്നത്. 1664 വില്ലേജാഫീസുകളിലായി വെറും 3328 ക്ലാർക്കുകൾ ജോലി ചെയ്യുമ്പോൾ 947 പഞ്ചായത്തോഫീസുകളിൽ ഉള്ളത് 7263 ക്ലാർക്കുകൾ. ക്ലാർക്കിന്‍റെ സമാന യോഗ്യതയിൽ വില്ലേജ് ഫീൾഡ് അസിസ്റ്റന്‍റുമാര്‍ ഉണ്ടെങ്കിലും അവർക്ക് പ്രൊമോഷൻ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരുടെ തസ്തിക ഉയർത്തണമെന്ന ഭരണ പരിഷ്ക്കാര കമ്മീഷൻ, പി ആൻഡ്‌ എ ആർ ഡി, ശമ്പള കമ്മീഷനുകൾ എന്നിവരുടെ ശിപാർശക്കുള്ള റവന്യൂ ഫയൽ (T2/278/2017/RD) മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. 225 തവണ ഈ ഫയൽ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങിയെന്ന അടക്കം പറച്ചിലും കേട്ടു. കഴിഞ്ഞ മെയ് മാസത്തിൽ റവന്യു വകുപ്പിൽ കൂട്ട വിരമിക്കലിണ്ടായപ്പോൾ ഫയലിന് അംഗീകാരം കിട്ടുമെന്ന് ഇവർ പ്രതീക്ഷിച്ചതാണ്. ചുവപ്പ് നാടയുടെ കുരുക്ക് വീണ്ടും മുറുകിയതല്ലാതെ ഒന്നും സംഭവിച്ചില്ല.