LiveTV

Live

Kerala

പുതിയ പ്രതീക്ഷകളുടെ പ്രാർഥനയുമായി മലയാളികള്‍ക്ക് ഒരു പുതുവർഷം കൂടി

കെട്ട സമയത്ത് ചിങ്ങം പിറക്കുമ്പോൾ കർഷക സ്മരണയിൽ നിറഞ്ഞ പ്രാർഥനയിൽ പ്രതീക്ഷയേകുകയാണ് കേരളം.

പുതിയ പ്രതീക്ഷകളുടെ പ്രാർഥനയുമായി മലയാളികള്‍ക്ക് ഒരു പുതുവർഷം കൂടി

ലോകം മുഴുവൻ കോവിഡ് കെടുതികളിൽ അമരുമ്പോൾ മലയാളികൾ ഒരുപാട് പ്രതിസന്ധികളിലാണ്. അസാധാരണ പ്രളയവും, ഓഖിയും നിപയും കടന്ന് പുതിയ കേരളത്തിൻറെ പണിപ്പുരയിലാണ് മലയാളികൾ. ഇനിയൊരു പ്രളയം താങ്ങാനാവാത്ത വിധം കേരളം മാറിയിരുന്നു. പരിസ്ഥിതി ബന്ധിത നിർമാണത്തിലൂടെ നാട് പുതിയ ശീലങ്ങളിലേക്ക് കടക്കുമ്പോഴാണ് മലയാളത്തിന്‍റെ സ്വന്തം പുതുവർഷം പിറക്കുന്നത്.

കടപുഴക്കുന്ന പെരുമഴ ഉണ്ടാകില്ലെന്ന വിശ്വാസത്തെ മറിച്ചിട്ടാണ് പെട്ടിമുടിയിൽ നിരവധി ജീവനുകൾ ഒഴുകി മറഞ്ഞത്. എത്ര പേർ നഷ്ടപ്പെട്ടു എന്ന് ഇപ്പോഴും അവ്യക്തമാണ്. ഓരോ ദിവസവും തെരച്ചിലിലാണ് നമ്മൾ. ഈ വേദന വിങ്ങുന്ന സമയത്താണ് കരിപ്പൂരിൽ അപകടം പറന്നിറങ്ങിയത്. ജീവിത സ്വപ്നം യാഥാർഥ്യമാക്കാൻ കടൽ കടന്ന വരുടെ കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ് ടേബിൾ ടോപ്പ് റൺവേയിൽ പൊലിഞ്ഞത്.

കോവിഡ് മഹാമാരി പരിധി വിട്ട് നമ്മെ പിടിച്ചു മുറുക്കുകയാണ്. അടുത്ത മാസത്തോടെ ദിനംപ്രതി പതിനായിരം കേസുകൾ കടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോൾ തന്നെ സമസ്ത മേഖലകളും പ്രതിസന്ധിയിലായതോടെ മലയാളിയുടെ അടുക്കളയിലെ അഗ്നിക്ക് മാറ്റ് കുറഞ്ഞു. അന്തരീക്ഷത്തിൽ നിന്ന് മഴ മേഘങ്ങൾ വിട്ടുമാറിയിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ചുവപ്പ് വര ഏത് മേഖലയിലാകും അടയാളപ്പെടുത്തുക എന്ന ആശങ്ക മലയാളിയെ കടന്ന് പോയിട്ടില്ല. ഇത്തരമൊരു കെട്ട സമയത്ത് ചിങ്ങം പിറക്കുമ്പോൾ കർഷക സ്മരണയിൽ നിറഞ്ഞ പ്രാർഥനയിൽ പ്രതീക്ഷയേകുകയാണ് കേരളം. സമൃദ്ധ കേരളമാണ് മലയാളികളുടെ സ്വപ്നം.