LiveTV

Live

Kerala

'ഔദാര്യത്തിനായി കേഴുന്നില്ല, നീതിക്കായി പോരാടുകയാണ്'; മഅ്ദനിയുടെ രണ്ടാം വിചാരണ തടവിന് ഇന്ന് പത്ത് വര്‍ഷം

'ഔദാര്യത്തിനായി കേഴുന്നില്ല!, ദയയ്ക്കായി യാചിക്കുന്നുമില്ല!, നീതിയ്ക്കായി പോരാടുകയാണ്!!'

'ഔദാര്യത്തിനായി കേഴുന്നില്ല,
നീതിക്കായി പോരാടുകയാണ്'; മഅ്ദനിയുടെ രണ്ടാം വിചാരണ തടവിന് ഇന്ന് പത്ത് വര്‍ഷം

ബംഗളുരു സ്ഫോടനകേസില്‍ പി.ഡി.പി ചെയര്‍മാര്‍ അബ്ദുനാസിര്‍ മഅ്ദനി വിചാരണതടവുകാരനായിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. 2010 ആഗസ്​റ്റ്​ 17നാണ്​ അബ്​ദുന്നാസിർ മഅ്​ദനിയെ അൻവാർശേരിയിലെ അദ്ദേഹത്തി​ൻ്റെ ആസ്​ഥാനത്ത്​ നിന്ന്​ കർണാടക പൊലീസ്​ അറസ്റ്റ് ചെയ്യുന്നത്. 2008 ജൂലൈ 25 ന്​ ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ നടന്ന സ്​ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്​റ്റ്​. കോയമ്പത്തൂർ സ്​ഫോടനകേസിൽ 2007 ൽ കുറ്റവിമുക്​തനായി തിരിച്ചെത്തിയതിന്​ പിറകെയായിരുന്നു ബംഗളുരു കേസ്​. ലഷ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന കണ്ണൂർ സ്വദേശി തടിയന്‍റെവിട നസീറുമായി കുടകിലും എറണാകുളത്തുമായി നടന്ന ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയാണെന്നാണ് അറസ്റ്റിന് പൊലീസ് നല്‍കുന്ന വിശദീകരണം. ഈ ആരോപണങ്ങൾ തെളിയിക്കാൻ പക്ഷെ പത്തു വർഷമായിട്ടും പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ല.

ബംഗളൂരു എൻ.ഐ.എ കോടതിയിൽ നടക്കുന്ന വിചാരണ അനന്തമായി നീളുന്നതിനെതിരെ ഒരു ഘട്ടത്തില്‍ സുപ്രീം കോടതി ഇടപ്പെടുക വരെ ചെയ്തിരുന്നു. നാല് മാസത്തിനകം കേസ് തീർക്കാമെന്നായിരുന്നു അന്വേഷണ സംഘം 2014ൽ സുപ്രീം കോടതി ഇടപെടലില്‍ നൽകിയ സത്യവാങ്മൂലം. എന്നാല്‍ ഇതെല്ലാം പിന്നീട് കടലാസിലൊതുങ്ങി. കേസിന്‍റെ നടപടിക്രമങ്ങൾ മൂന്നാം ഘട്ടത്തിൽ നിൽക്കുമ്പാേൾ സുപ്രീംകോടതി അനുവദിച്ച നിബന്ധനകളോടെയുള്ള ജാമ്യത്തിൽ ബംഗളൂരുവിലെ വീട്ടിൽ അനാരോഗ്യത്തിെന്‍റെയും അനീതിയുടെയും തടവറയിൽ കഴിയുകയാണ് 54 കാരനായ മഅ്ദനി.

അതെ സമയം വിചാരണതടവുകാരനായി പത്ത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന വേളയില്‍ തനിക്ക് നേരെയുള്ള അനീതി ചൂണ്ടിക്കാട്ടി മഅ്ദനി ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. തനിക്ക് ലഭിക്കേണ്ട നീതി അര്‍ഹിക്കുന്നതാണെന്നും ആരുടെയും ഔദാര്യമല്ലെന്നുമാണ് മഅ്ദനി കുറിച്ചത്.

'ഔദാര്യത്തിനായി കേഴുന്നില്ല!,
ദയയ്ക്കായി യാചിക്കുന്നുമില്ല!, നീതിയ്ക്കായി പോരാടുകയാണ്!!
ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യൻ ഉദിച്ചെങ്കിൽ...!!!'; മഅ്ദനി ആശുപത്രി കിടക്കയില്‍ വെച്ച് എഴുതി.