LiveTV

Live

Kerala

കുവി അന്വേഷിച്ച് കണ്ടെത്തി ധനുവിനെ; കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നുവീണു

ധനുഷ്ക എന്ന രണ്ട് വയസ്സുകാരിയെ കണ്ടെത്തിയത് രക്ഷാപ്രവർത്തകരോ പൊലീസ് നായയോ ആയിരുന്നില്ല..

കുവി അന്വേഷിച്ച് കണ്ടെത്തി ധനുവിനെ; കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നുവീണു

പെട്ടിമുടി പുഴയിൽ നിന്ന് ഇന്നലെ ധനുഷ്ക എന്ന രണ്ട് വയസ്സുകാരിയെ കണ്ടെത്തിയത് രക്ഷാപ്രവർത്തകരോ പൊലീസ് നായയോ ആയിരുന്നില്ല, മറിച്ച് ധനുഷ്കയുടെ കളിക്കൂട്ടുകാരിയായ കുവി എന്ന വളർത്തുനായ ആണ്. രാപകൽ വ്യത്യാസമില്ലാതെ അന്വേഷിച്ച്‌ നടന്നിട്ടും ലഭിച്ചത് കൂട്ടുകാരിയുടെ ചേതനയറ്റ ശരീരമാണെന്ന് മനസിലാക്കിയ കുവി തളർന്നു വീണതും നൊമ്പര കാഴ്ചയായി.

ഗ്രേവൽ ബാങ്കിലും പുഴയുടെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരെ പാലത്തിന് അടിയിലേക്ക് കൂട്ടികൊണ്ടുവന്നത് കുവിയാണ്. വെള്ളത്തിൽ അടിഞ്ഞു കിടക്കുന്ന മരച്ചില്ലകൾക്കിടയിൽ കൃത്യമായ സ്ഥലം കുവി കാണിച്ചുകൊടുത്തു. സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ ലഭിച്ചത് കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം. കൂടെ കളിക്കാൻ ഇനിയും അവൾ ഓടി വരുമെന്ന് കുവി പ്രതീക്ഷിച്ച് കാണണം. അതുകൊണ്ടാവണം, തന്നെ തലോടിയ ആ കുഞ്ഞുവിരലുകൾ ഇനി അനങ്ങില്ലെന്ന് അറിഞ്ഞ നിമിഷം കുവി തളർന്ന് വീണത്.

ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ഇനി ജീവനോടെയുള്ളത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. അവർക്ക് കാവലായി ആ ശവപ്പറമ്പിന് കാവലായി താൻ മാത്രമേയുള്ളൂ എന്നറിയാവുന്ന കുവി വീണ്ടും ആ ദുരന്ത ഭൂമിയിൽ എത്തി. മണ്ണിനടിയിൽ ഇനിയും ശേഷിക്കുന്നവർക്ക് കൂട്ടായി കുവി അവിടെ തന്നെയുണ്ട്. രാപകൽ വ്യത്യാസമില്ലാതെ.