LiveTV

Live

Kerala

നയതന്ത്ര ബാഗേജിലെത്തിയ മതഗ്രന്ഥങ്ങളെ കുറിച്ച് എന്‍ഐഎയും അന്വേഷണം തുടങ്ങി

സെക്രട്ടേറിയറ്റിലെത്തി സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ എന്‍ഐഎ സംഘം വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി.

നയതന്ത്ര ബാഗേജിലെത്തിയ മതഗ്രന്ഥങ്ങളെ കുറിച്ച് എന്‍ഐഎയും അന്വേഷണം തുടങ്ങി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും നയതന്ത്ര ബാഗേജിലെത്തിയ മതഗ്രന്ഥങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സെക്രട്ടേറിയറ്റിലെത്തി സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ എന്‍ഐഎ സംഘം വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. നേരത്തെ കസ്റ്റംസും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു.

സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ രണ്ടാം തവണയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്. സിസിടിവി ദൃശ്യങ്ങളാണ് ആദ്യം തേടിയതെങ്കിൽ രണ്ടാം വരവിൽ യുഎഇ കോൺസുലേറ്റ് വഴി എത്തിയ മത ഗ്രന്ഥങ്ങളെ കുറിച്ചറിയാനാണ്. മാർച്ച് 4ന് നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിൽ കൊണ്ടുപോയതായി മന്ത്രി കെ.ടി ജലീൽ സമ്മതിച്ചിരുന്നു. സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെ സർട്ടിഫിക്കറ്റില്ലാതെ നയതന്ത്ര പാഴ്സലുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കില്ല. ഇക്കാര്യങ്ങൾ എൻഐഎ ചോദിച്ചറിഞ്ഞു.

2017ന് ശേഷം നയതന്ത്ര പാഴ്സലുകൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചത്. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ ഈ മാസം 20നുള്ളിൽ വിശദീകരണം നൽകാൻ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും നോട്ടീസ് നൽകിയിട്ടുണ്ട്.