LiveTV

Live

Kerala

വിമര്‍ശകരുടെ തായ് വേര് അന്വേഷിക്കുന്ന നേതൃത്വവും അണികളും അടിമണ്ണ് ഇളകുന്നത് അറിയുന്നില്ല; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജനയുഗം

മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു. അനിഷ്ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്

വിമര്‍ശകരുടെ തായ് വേര് അന്വേഷിക്കുന്ന നേതൃത്വവും അണികളും അടിമണ്ണ് ഇളകുന്നത് അറിയുന്നില്ല; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജനയുഗം

സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സി.പി.ഐ മുഖപത്രം ജനയുഗം. അനിഷ്ടം തോന്നിയാല്‍ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കപ്പെടുന്നു വിമര്‍ശകരുടെ തായ് വേര് അന്വേഷിക്കുന്ന നേതൃത്വവും അണികളും അടിമണ്ണ് ഇളകുന്നത് അറിയുന്നില്ലെന്നും ജനയുഗത്തിന്‍റെ എ‍‍ഡിറ്റോറിയലില്‍ പറയുന്നു.

മാധ്യമങ്ങളിൽ പലതും സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണ്. രണ്ടും ചേർത്തുകെട്ടി നിഗൂഢ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നതും വലിയ ദോഷങ്ങളുണ്ടാക്കുന്നുണ്ട്. ചാനൽ ചർച്ചകളിലെ പരദൂഷണവിശേഷങ്ങൾ വലിയ വിവാദങ്ങളിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണിന്ന് സമൂഹമാധ്യമങ്ങൾ. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തർക്കങ്ങളെ സമൂഹത്തിന്‍റെ മുന്നിലേയ്ക്കെറിഞ്ഞുകൊടുക്കുന്നത് സൈബർ കുറ്റകൃത്യമാണെന്ന് പറയുന്നില്ല. അതിന്‍റെ പേരിൽ പക്ഷം ചേർന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണം. രാജ്യത്തിന്‍റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാൽ ആർഎസ്എസ്-ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് പുറംതള്ളപ്പെടുന്ന കമന്‍റുകളും അതിനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോൺഗ്രസിന്‍റെ നിയമസഭാസാമാജികർ പോലും തങ്ങൾക്ക് തല്പരരല്ലാത്ത സ്ത്രീകൾക്കെതിരെയും അഭിപ്രായങ്ങൾക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്.

മാധ്യമങ്ങളും സംവാദകരും മാന്യത മറക്കുന്നു. അനിഷ്ടം തോന്നിയാൽ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്. വിമർശനങ്ങൾക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തിൽ തന്‍റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നുമില്ല. വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനെ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ കാലംമുതലിങ്ങോട്ട് നോക്കിയാൽ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിർത്തോ സ്വാർത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച് പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്‍റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുക