LiveTV

Live

Kerala

കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുമെന്ന് പൊലീസ്

കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ സെപ്തംബര്‍ അവസാനത്തോടെ രോഗവ്യാപനം നിയന്ത്രിക്കാമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുമെന്ന് പൊലീസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബോധവത്കരണവും പരിശോധനയും കര്‍ശനമാക്കി. കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാന്‍ കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കും. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ സെപ്തംബര്‍ അവസാനത്തോടെ രോഗവ്യാപനം നിയന്ത്രിക്കാമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസ് ഏറ്റെടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വഴികള്‍ പൊലീസ് തേടുന്നത്. നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കുന്നതിനൊപ്പം കോവിഡിനെ എങ്ങനെ അകറ്റാം എന്നത് സംബന്ധിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്. മാര്‍ക്കറ്റുകളും ആളുകള്‍ കൂടുന്നിടത്തും ജനങ്ങളെ പങ്കെടുപ്പിച്ച് കോവിഡ് പ്രതിജ്ഞയും ചൊല്ലി.

തിരുവനന്തപുരത്ത് 200 കേന്ദ്രങ്ങളിലാണ് ബോധവത്കരണം. പ്രധാന സ്ഥലങ്ങളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് എളുപ്പമാക്കുന്നതിനാണ് കോള്‍ ഡീറ്റൈല്‍സ് എടുക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. മലപ്പുറത്ത് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.