LiveTV

Live

Kerala

തനിക്കെതിരെയുള്ള പ്രചരണം കേരള അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ നിയമനം അട്ടിമറിക്കാനെന്ന് ജസ്റ്റിസ് അബ്‍ദുൽ റഹിം

എന്‍ഐഎ തന്നെ നിരീക്ഷിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നിലുള്ളത് തല്പരകക്ഷികളെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള പ്രചരണം കേരള അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ നിയമനം അട്ടിമറിക്കാനെന്ന് ജസ്റ്റിസ് അബ്‍ദുൽ റഹിം

സ്വർണ്ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് ജസ്റ്റിസ് സി. കെ അബ്ദുൽ റഹിം. കേരള അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തന്‍റെ നിയമനം തടയാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അബ്ദുല്‍ റഹീം പറയുന്നു. എന്‍ഐഎ തന്നെ നിരീക്ഷിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നിലുള്ളത് തല്പരകക്ഷികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ തന്‍റെ പേര് പറയുന്നില്ലെങ്കിലും തന്നിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളുണ്ട്. ഇതെല്ലാം നുണകളാണ്. തനിക്ക് കല്‍ക്കത്തയിലും ചെന്നൈയിലും ഒന്നും ബന്ധുക്കളില്ല. തന്നെ ആരെങ്കിലും നിരീക്ഷിക്കുന്നതായി തനിക്ക് യാതൊരു അറിവുമില്ല. എന്നോടാരും ജില്ല വിട്ട് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി തന്‍റെ പേരു നിര്ദേശിച്ചത് ഗവർണറുടെ പരിഗണനയിലാണ്. ഇതാണ് ഇപ്പോള്‍ ഇക്കൂട്ടരെ പ്രകോപിപ്പിച്ചിരിക്കുന്നത്. 5 വര്‍ഷം അല്ലെങ്കില്‍ 68 വയസ്സ്, ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതാണ് ഈ പദവിയുടെ കാലാവധി. ഈ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രസ്തുത പദവിയിലേക്ക് പരിഗണിക്കാന്‍ കഴിയുന്ന കേരളഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുള്ളയാള്‍ താനായതുകൊണ്ടാകാം ചീഫ് ജസ്റ്റിസ് തന്‍റെ പേര് നിര്‍ദേശിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു. ചീഫ് ജസ്റ്റിസിന്‍റെ ശുപാര്‍ശ അംഗീകരിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേരള ഗവര്‍ണറാണ്, സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.