LiveTV

Live

Kerala

'വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം'; തനിക്കെതിരായ വാർത്തയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

എടപ്പാളിലും, ആലത്തിയൂരിലുമുള്ള സ്ഥാപനങ്ങളിലാണ് ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകളുള്ളതെന്നും ഇത് ആര്‍ക്കും പരിശോധിക്കാമെന്നും കെ.ടി ജലീല്‍ കുറിപ്പിലൂടെ പറഞ്ഞു

'വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം'; തനിക്കെതിരായ വാർത്തയില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

യു.എ.ഇ കോൺസുലേറ്റ് അയച്ചത് ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ തന്നെയെന്നും ഇത് ആര്‍ക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നും മന്ത്രി കെ.ടി ജലീല്‍. ഇതില്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമമുണ്ടെന്നും തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എടപ്പാളിലും, ആലത്തിയൂരിലുമുള്ള സ്ഥാപനങ്ങളിലാണ് ഖുര്‍ആന്‍ അടങ്ങുന്ന പാക്കറ്റുകളുള്ളതെന്നും ഇത് ആര്‍ക്കും പരിശോധിക്കാമെന്നും കെ.ടി ജലീല്‍ കുറിപ്പിലൂടെ പറഞ്ഞു. യു.എ.ഇ കോൺസിലുമായി നടത്തിയ ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടും ജലീൽ പുറത്ത് വിട്ടിട്ടുണ്ട്.

ഇത് വരെ കോണ്‍സുലേറ്റില്‍ വന്ന പാര്‍സലുകളില്‍ മതഗ്രന്ഥങ്ങളില്‍ ഇല്ലായെന്ന 'മാതൃഭൂമി' വാര്‍ത്തക്കെതിരെയാണ് മന്ത്രി കെ.ടി ജലീല്‍ പ്രതികരണവുമായി രംഗത്തുവന്നത്. കോണ്‍സുലേറ്റുമായി മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമസംഘനമാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

മാതൃഭൂമിക്കെതിരെ നിയമനടപടി

സ്വീകരിക്കും

-----------------------------------------------------------------------

ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ 'മാതൃഭൂമി' ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് - 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി - 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.

പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും.