'കേരള മാതൃക' എന്ന് പറഞ്ഞ് ആഘോഷിക്കുന്നതിനപ്പുറം 'കേരള സംരംഭം' എന്ന് പറഞ്ഞ് സന്തോഷിക്കുന്നതല്ലേ ഉചിതം? -ഡോ.ബി. ഇക്ബാൽ
കേരളത്തില്‍ ആരെന്ത് ചെയ്താലും അതിനെ കേരള മാതൃക എന്ന തരത്തില്‍ ആഘോഷിക്കുന്ന രീതിയെ വിമര്‍ശിച്ച് കേരള സർവകലാശാല മുൻ വൈസ് ചാൻസലര്‍ ഡോ.ബി. ഇക്ബാൽ

കേരളത്തില്‍ ആരെന്ത് ചെയ്താലും അതിനെ കേരള മാതൃക എന്ന തരത്തില്‍ ആഘോഷിക്കുന്ന രീതിയെ വിമര്‍ശിച്ച് ഡോ.ബി. ഇക്ബാൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരള സർവകലാശാല മുൻ വൈസ് ചാൻസലര്‍ കൂടിയായ ഡോ. ബി. ഇക്ബാൽ വിമര്‍ശനം ഉന്നയിച്ചത്.
കേരളത്തിൽ ആരെന്തു ചെയ്താലും ലോകത്തിനും രാജ്യത്തിനുമിതാ കേരള മാതൃക എന്ന് പറഞ്ഞ് ഉദ്ഘോഷിക്കുന്നതിനും സ്വയം പുകഴ്ത്തുന്നതിനും അപ്പുറം 'മികച്ച കേരള സംരംഭം' എന്നോ മറ്റോ പറഞ്ഞ് സന്തോഷിക്കുന്നതല്ലേ ഉചിതമെന്നായിരുന്നു ഇഖ്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിനയവും എളിമയും യാഥാർത്ഥ്യബോധവും കൂടി കേരള മാതൃകയിൽ പെടുത്തേണ്ടവയല്ലേ എന്നും ഡോ. ബി ഇക്ബാല്‍ ചോദിക്കുന്നു. നിലവിലെ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം കൂടിയാണ് ബി.ഇക്ബാല്‍
ഡോ.ബി. ഇക്ബാൽ ബാപ്പുക്കുഞ്ഞിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിൽ ആരെന്തു ചെയ്താലും ലോകത്തിനു അല്ലെങ്കിൽ രാജ്യത്തിനിതാ കേരള മാതൃക, കേരള മാതൃക എന്ന് പറഞ്ഞ് ഉദ്ഘോഷിക്കുന്നതും ആഘോഷിക്കുന്നതും സ്വയം പുകഴ്ത്തുന്നതും ഒരു പകർച്ചവ്യാധിപോലെ പടർന്ന് പിടിച്ചിട്ടുണ്ട്. ഇത് കേട്ട് കേട്ട് സഹികെട്ട് കേരളത്തെ പലകാര്യങ്ങളിലും പ്രകീർത്തിക്കാറുള്ള അമർത്യാസെൻ ദയവായി നിങ്ങൾ “മാതൃക“ എന്നു പറയുന്നത് ഉപേക്ഷിച്ച് “കേരളാനുഭവം“ (Instead of Kerala Model say Kerala Experience) എന്ന് പറയുക എന്ന് ഇടക്കിടെ ഉപദേശിക്കാറുണ്ട്.
ശ്രദ്ധേയമായ എന്തെങ്കിലും ചെയ്താൽ “മികച്ച കേരള സംരംഭം“ എന്നോ മറ്റോ പറഞ്ഞ് സന്തോഷിക്കുന്നതല്ലേ ഉചിതം? വിനയവും എളിമയും യാഥാർത്ഥ്യബോധവും ഇതര സമൂഹ ബഹുമാനവും കൂടി കേരള മാതൃകയിൽ പെടുത്തേണ്ടവയല്ലേ?