LiveTV

Live

Kerala

പി.എസ്.സി നിയമന വിവാദത്തില്‍ എം.ബി രാജേഷിന്‍റെ വിശദീകരണ വീഡിയോ; കടുത്ത വിമര്‍ശനം, ലൈക്കിനേക്കാൾ കൂടുതല്‍ ഡിസ് ലൈക്ക്!

'സത്യം പറയുന്ന രേഖകളും കണക്കുകളും' എന്ന പേരിലാണ് സി.പി.ഐ.എം കേരളത്തിന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്റ്റോറിയിൽ കണക്കുകൾ നിരത്തി എം.ബി രാജേഷ് എത്തിയത്

പി.എസ്.സി നിയമന വിവാദത്തില്‍ എം.ബി രാജേഷിന്‍റെ വിശദീകരണ വീഡിയോ; കടുത്ത വിമര്‍ശനം, ലൈക്കിനേക്കാൾ കൂടുതല്‍ ഡിസ് ലൈക്ക്!

പി എസ് സി നിയമന വിവാദത്തിൽ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയ എം.ബി രാജേഷിന്‍റെ വീഡിയോക്കെതിരെ വിമര്‍ശനവുമായി ഉദ്യോഗാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍. യൂ ട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോക്ക് താഴെ കടുത്ത വിമര്‍ശനങ്ങളുമായി നിരവധി പേരാണ് വന്നിരിക്കുന്നത്. 'സത്യം പറയുന്ന രേഖകളും കണക്കുകളും' എന്ന പേരിലാണ് സി.പി.ഐ.എം കേരളത്തിന്റെ യുട്യൂബ് അക്കൗണ്ടിലെ ട്രൂ സ്റ്റോറിയിൽ കണക്കുകൾ നിരത്തി എം.ബി രാജേഷ് എത്തിയത്. വീഡിയോക്ക് ലൈക്കിനേക്കാള്‍ കൂടൂതല്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചത് സര്‍ക്കാരിനെതിരായ വിമര്‍ശനമായാണ് വിലയിരുത്തല്‍. കമന്റ് ബോക്സിലും പി.എസ്.സി ഉദ്യോഗാർത്ഥികളുടെ രോഷപ്രകടനമാണ്.

'സത്യസന്ധമായ രേഖകൾ പി.എസ്.സി ഉദ്യോഗാർഥികളുടെ കൈയ്യിലുണ്ട്.. ചാനൽ ചർച്ചയിൽ പുലഭ്യം പറഞ്ഞു സമയം തള്ളിനീക്കുന്നതുപോലെ അത്ര എളുപ്പമല്ല, അവരെ പറ്റിക്കാൻ', 'ഡിസ് ലൈക്കടിച്ച പി.എസ്.സി ഉദ്യോഗാർത്ഥികളോടാണ്, ഇവിടെ കുത്തിയിട്ട് കാര്യമില്ല അടുത്ത ഇലക്ഷന് ചിന്തിച്ചിട്ടേ വോട്ടിംങ് മെഷീനിൽ കുത്താവൂ'; എന്നിങ്ങനെ നീളുന്നതാണ് വീഡിയേക്കെതിരായ വിമര്‍ശന ശരങ്ങള്‍.

പി.എസ്.സി നിയമനം കാര്യക്ഷമമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഭൂരിപക്ഷം സര്‍ക്കാര്‍ നിയമനങ്ങളിലും നിയമിക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയുണ്ടായിരുന്നു. അഡ്വൈസ് മെമോ അയച്ചിട്ടും നിയമനങ്ങൾ നടക്കുന്നില്ലെന്നും പരാതി നിലനില്‍ക്കെയാണ് എം.ബി രാജേഷ് വിശദീകരണ വീഡിയോയുമായി സി.പി.ഐ.എമ്മിന്‍റെ യൂ ട്യൂബ് ചാനല്‍ വഴി രംഗത്തുവരുന്നത്. 54000 പേരാണ് വീഡിയോക്കെതിരെ രംഗത്തുവന്നത്. 34000 പേര്‍ മാത്രമാണ് ഇത് വരെ പിന്തുണ അറിയിച്ചത്.