LiveTV

Live

Kerala

ട്രഷറിയില്‍ നിന്ന് പണം തട്ടാന്‍ കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്‍റെ ഭാര്യ

തന്‍റെ അക്കൗണ്ടിലേക്ക് പണം വന്നതും പോയതും അറിഞ്ഞിട്ടില്ല

ട്രഷറിയില്‍ നിന്ന് പണം തട്ടാന്‍ കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്‍റെ ഭാര്യ

ട്രഷറിയില്‍ നിന്ന് പണം തട്ടാന്‍ കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്‍റെ ഭാര്യ സിനി. തന്‍റെ അക്കൗണ്ടിലേക്ക് പണം വന്നതും പോയതും അറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്തതിന് ശേഷമാണ് തട്ടിപ്പ് നടന്നത് അറിയുന്നത്. എന്തിനാണ് തന്നെ പ്രതിയാക്കിയതെന്ന് അറിയില്ലെന്നും സിനി പറയുന്നു. സിനിയുടെ ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‍വേഡ് ഉപയാഗിച്ചു തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്‍റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന്‍ ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.

പരാതി കിട്ടിയതിന് പിന്നാലെ ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി.സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുലാലിന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.