LiveTV

Live

Kerala

ഫയൽ തീർപ്പാക്കൽ; സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം ജീവനക്കാരോടും നാളെ ഹാജരാകാൻ നിർദേശം

ലോക്ഡൗൺ ആയതിനാൽ 30% ജീവനക്കാർക്ക് മാത്രമേ സെക്രട്ടറിയേറ്റിൽ ഹാജരാകാൻ കഴിയു എന്നിരിക്കെയാണ് ഈ നടപടി. സെക്രട്ടറിയേറ്റിനകത്തെ ലാബ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു.

ഫയൽ തീർപ്പാക്കൽ; സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം ജീവനക്കാരോടും നാളെ ഹാജരാകാൻ നിർദേശം

ഫയൽ തീർപ്പാക്കൽ നടപടിയുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ ഭൂരിഭാഗം ജീവനക്കാരോടും നാളെ ഹാജരാകാൻ നിർദേശം. ലോക്ഡൗൺ ആയതിനാൽ 30% ജീവനക്കാർക്ക് മാത്രമേ സെക്രട്ടറിയേറ്റിൽ ഹാജരാകാൻ കഴിയൂ എന്നിരിക്കെയാണ് ഈ നടപടി. സെക്രട്ടറിയേറ്റിനകത്തെ ലാബ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ജീവനക്കാരിൽ ആശങ്ക ഉയർത്തുന്നു.

ഈ മാസം നാലിന് മുഖ്യമന്ത്രി നടത്തുന്ന വീഡിയോ കോൺഫ്രൻസിന് മുന്നോടിയായാണ് ഫയൽ തീർപ്പാക്കലിൻ്റെ നിലവിലെ സ്ഥിതി വിവരമറിയിക്കാൻ നിർദേശം ലഭിച്ചത്. 29ന് അറിയിപ്പ് വന്നു. മുപ്പതാം തീയതി വരെയുള്ള കണക്കാണ് ഹാജരാകേണ്ടത്. ജൂലൈ 31, ആഗസ്റ്റ്1,2 തീയതികളിൽ അവധി ആണ്. തിങ്കളാഴ്ച കണക്കുകൾ സമർപ്പിക്കുകയും വേണം. ഇത് യാഥാർത്ഥ്യമാക്കാൻ ആണ് ഭൂരിഭാഗം ജീവനക്കാരെയും തിങ്കളാഴ്ച ഹാജരായി കണക്കെടുപ്പ് നടത്താൻ വകുപ്പ് മേധാവികൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിൽ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ 30 ശതമാനം ജീവനക്കാർ മാത്രമാണ് സെക്രട്ടറിയേറ്റിൽ ഹാജരാകാൻ അനുമതിയുള്ളൂ. കണ്ടൈന്‍മെന്റ് സോണുകളിൽ ഉൾപ്പെടെ ജീവനക്കാർക്കും ഓഫീസിൽ എത്തേണ്ടി വരും. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനകത്ത് പ്രവർത്തിക്കുന്ന ലാബ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലുള്ള സെക്രട്ടറിയേറ്റ് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതും ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഫയൽ കണക്കെടുക്കാൻ നാലുദിവസം ലഭിച്ചെങ്കിലും മൂന്നു ദിവസവും അവധി ആയി മാറിയതാണ് സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് കുരുക്ക് ആയത്. ഫയൽ കണക്കെടുക്കാൻ കൂടുതൽ ദിവസം അനുവദിക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്.