Top

വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ എ.ബി.വി.പി ബന്ധം; വെളിപ്പെടുത്തലുമായി സി.ആർ നീലകണ്ഠൻ

സർക്കാർ മുദ്രയുള്ള ലെറ്റർപാഡിൽ മന്ത്രി രവീന്ദ്രനാഥ് നിഷേധിച്ചെങ്കിലും എ.ബി.വി.പി ബന്ധം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് സി.ആർ നീലകണ്ഠൻ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നത്.

MediaOne Logo

  • Updated:

    2020-08-01 09:15:28.0

Published:

1 Aug 2020 9:15 AM GMT

വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ എ.ബി.വി.പി ബന്ധം; വെളിപ്പെടുത്തലുമായി സി.ആർ നീലകണ്ഠൻ
X

സി.പി.എം പൊളിറ്റ്ബ്യൂറോ മുതിർന്ന അംഗം എസ്.ആർ രാമചന്ദ്രൻ പിള്ള തന്റെ ആർ.എസ്.എസ് ഭൂതകാലം തുറന്നുപറഞ്ഞതിനു പിന്നാലെ, വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ്പരിവാർ പശ്ചാത്തലം സൂചിപ്പിച്ച് സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. വിദ്യാർത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പി പാനലിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയെന്ന ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്ന് എസ്.എഫ്.ഐ നേതൃനിരയിലുണ്ടായിരുന്ന സി.ആർ നീലകണ്ഠൻ സ്ഥിരീകരണം നൽകിയത്. നേരത്തെ, രവീന്ദ്രനാഥ് ആർ.എസ്.എസ് ശാഖയിൽ പോവുകയും എ.ബി.വി.പി ടിക്കറ്റിൽ നോമിനേഷൻ നൽകുകയും ചെയ്തിരുന്നുവെന്ന് മൂന്നുവർഷം മുമ്പ് അനിൽ അക്കര എം.എൽ.എ ആരോപിച്ചിരുന്നുവെങ്കിലും കേവല നിഷേധക്കുറിപ്പിനപ്പുറം മന്ത്രി വ്യക്തമായ മറുപടി നൽകിയിരുന്നില്ല.

അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ എന്ന സ്ഥലത്തെ ആർ.എസ്.എസ് ശാഖയിൽ കുട്ടിക്കാലത്ത് രവീന്ദ്രനാഥ് പങ്കെടുത്തിരുന്നു എന്നും 1978 ഒക്ടോബർ 27ന് തൃശൂർ സെന്റ് തോമസ് കോളേജിൽ രണ്ടാംവർഷ എം.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായിരിക്കെ യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിയുടെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയിരുന്നു എന്നുമാണ് അനിൽ അക്കര 2017 ഒക്ടോബറിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്.

എന്നാൽ, പത്രക്കുറിപ്പിൽ മന്ത്രി രവീന്ദ്രനാഥ് ആരോപണങ്ങൾ നിഷേധിച്ചു. 'ശ്രീ. അനിൽ അക്കര എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന എന്നെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടിട്ടില്ല. എന്നിട്ടും, യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് വ്യാജആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു.' എന്നായിരുന്നു മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പ്.

ജീവിതത്തിലൊരിക്കലും എ.ബി.വി.പിയുമായി ബന്ധപ്പെട്ടിട്ടിട്ടില്ല.
സി. രവീന്ദ്രനാഥ്‌, വിദ്യാഭ്യാസ മന്ത്രി

ഇതിനു മറുപടിയായി അനിൽ അക്കര എം.എൽ.എ, മന്ത്രിക്ക് വക്കീൽ നോട്ടീസ് അയച്ചു. സർക്കാർ മുദ്രയുള്ള ലെറ്റർപാഡിൽ മന്ത്രിനൽകിയ മറുപടി, വസ്തുതകളുടെ ബലത്തിൽ ആരോപണമുന്നയിച്ച തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും അപകീർത്തികരമായ പരാമർശത്തിന് ക്ഷമാപണം നടത്തി പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. സി.ആർ ജെയ്‌സൺ വഴി മന്ത്രിക്കയച്ച വക്കീൽനോട്ടീസിൽ പറഞ്ഞത്. മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച ആരോപണങ്ങൾ അനിൽ അക്കര വക്കീൽ നോട്ടീസിൽ ആവർത്തിക്കുകയും ചെയ്തു.

സർക്കാർ മുദ്രയുള്ള ലെറ്റർപാഡിൽ മന്ത്രി രവീന്ദ്രനാഥ് നിഷേധിച്ചെങ്കിലും എ.ബി.വി.പി ബന്ധം എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് സി.ആർ നീലകണ്ഠൻ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നത്.

'1978 സാംസ്‌ക്കാരിക നഗരിയിലെ ഒരു ക്രൈസ്തവ മാനേജ്‌മെന്റ് വിദ്യാലയത്തിൽ വാശിയേറിയ തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ കലാലയങ്ങളിൽ ആധിപത്യമുറപ്പിക്കാൻ തുടങ്ങിയ കാലം. എസ്.എഫ്.ഐ കരുത്തരുടെ ഒരു പാനൽ വച്ചു. ചെയർമാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. എന്നാൽ അതേ ക്ലാസിൽ അതേ പേരുള്ള മറ്റൊരു വിദ്യാർത്ഥിയും നോമിനേഷൻ കൊടുക്കുന്നു. എ.ബി.വി.പി സ്ഥാനാർത്ഥിയായി. ചില ഇടപെടലുകൾ മൂലം ഇദ്ദേഹം ജയിക്കില്ലെന്നും മറ്റും കണ്ട് പിൻവാങ്ങുന്നു. അന്ന് എല്ലാ സീറ്റും പിടിച്ച് എസ്.എഫ്.ഐ ചരിത്രം സൃഷ്ടിച്ചു. ഒരേ പേരും വ്യത്യസ്ത ഇനിഷ്യലും ഉള്ള ഈ രണ്ടു പേരിൽ ഒരാൾ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി. ബാക്കി വായനക്കാർക്കു വിടുന്നു.'
സി.ആർ നീലകണ്ഠൻ

എൽ.ഡി.എഫ് സർക്കാറിലെ വിദ്യാഭ്യാസമന്ത്രിയായി സി. രവീന്ദ്രനാഥിനെ തെരഞ്ഞെടുത്തപ്പോൾ, ഹിന്ദു പ്രതിനിധി വിദ്യാഭ്യാസമന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണെന്ന് സംഘ്പരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, മാംസാഹാരത്തിനെതിരെ മന്ത്രി നടത്തിയ പ്രസംഗം വിവാദമാവുകയും ചെയ്തു. പശുവിറച്ചിയുടെ പേരിൽ രാജ്യത്ത് അക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്നതിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ളവർ പ്രതിഷേധ രംഗത്തുള്ളപ്പോഴായിരുന്നു മാംസം, മത്സ്യം, മുട്ട തുടങ്ങിയയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചുകൊണ്ട് രവീന്ദ്രനാഥ് പ്രസംഗിച്ചത്. എൻ.എസ് മാധവനടക്കം നിരവധി സാംസ്‌കാരിക പ്രവർത്തകർ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.

സ്‌കോളർഷിപ്പ് പരീക്ഷയുടെ പേരിൽ സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതും ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചതും സി. രവീന്ദ്രനാഥ് മന്ത്രിയായിരിക്കുമ്പോഴാണ്.

ये भी पà¥�ें- മത്സ്യവും മാംസവും, മദ്യവും മയക്കുമരുന്നും പോലെ; രവീന്ദ്രനാഥിന്റെ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നു

TAGS :

Next Story