LiveTV

Live

Kerala

എസ് രാമചന്ദ്രൻ പിള്ള ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രം

രമേശ് ചെന്നിത്തലയുടെ അച്ഛൻ ആർഎസ്എസിനെ സ്നേഹിച്ചിരുന്നുവെന്നും കോൺ​ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ആർഎസ്എസ് സ്വയംസേവകനായിരുന്നുവെന്നും ജന്മഭൂമി

എസ് രാമചന്ദ്രൻ പിള്ള ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രം

സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ചെറുപ്പത്തിൽ ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. ഇപ്പോഴത്തെ കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്ആര്‍പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍എസ്എസ് സംസ്‌കാരമാണ് എന്ന് പറയുന്നവരുമുണ്ടെന്ന് പി ശ്രീകുമാര്‍ എഴുതിയ 'രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും' എന്ന ലേഖനത്തിൽ പറയുന്നു.

ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്ന് ലേഖനം പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്ആര്‍പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്ആര്‍പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍എസ്എസിനെ സ്നേഹിച്ചിരുന്നുവെന്നും ലേഖനത്തിൽ പരാമർശമുണ്ട്. ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍എസ്എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിലും പങ്കെടുത്തു. കെഎസ്‌യു കളിച്ചു നടന്ന രമേശിന് നേരെ അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ലേഖനം പറയുന്നു.

'കോടിയേരി ആര്‍എസ്എസ് എന്ന് പറഞ്ഞതിന്റെ പേരില്‍ ചെന്നിത്തല തലകുമ്പിടേണ്ടതില്ല. കോണ്‍ഗ്രസില്‍ എല്ലാ അര്‍ത്ഥത്തിലും രമേശിനേക്കാള്‍ വലിയ നേതാവായിരുന്നല്ലോ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍. ആത്മാഭിമാനിയും ഹിന്ദുത്വാഭിമാനിയുമായിരുന്ന ആര്‍ ശങ്കര്‍ കൊല്ലത്തെ ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകനായിരുന്നു. ശാഖയില്‍ വന്നു എന്നതിന്റെ പേരില്‍ ആര്‍ ശങ്കറിനെയും എസ് രാമചന്ദ്രന്‍പിള്ളയേയും തങ്ങളുടെ ആളാക്കാന്‍ ആര്‍എസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. മുന്‍ കെപിസിസി പ്രസിഡന്റ് കേരള ഗാന്ധി കെ കേളപ്പന്‍ അവസാന കാലത്ത് ആര്‍എസ്എസ് സഹയാത്രികനായിരുന്നു എന്നത് രമേശിന് ഓര്‍മ്മയില്ലങ്കിലും കോടിയേരിക്ക് അറിയാമല്ലോ'യെന്നും ജന്മഭൂമി ലേഖനം പറയുന്നു.

ചെന്നിത്തലയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിക്കുകയുണ്ടായി. ഇതിന് മറുപടിയാണ് ജന്മഭൂമിയിലെ ലേഖനം. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് രമേശ് ചെന്നിത്തലയാണെന്നാണ് കോടിയേരി ആരോപിച്ചത്. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ 'രാമന്റെ നിറം കാവിയല്ല' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.