LiveTV

Live

Kerala

കോണ്‍ഗ്രസിനകത്തെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി

സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ രാമന്റെ നിറം കാവിയല്ല എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

കോണ്‍ഗ്രസിനകത്തെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് രമേശ് ചെന്നിത്തലയാണ്. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ രാമന്റെ നിറം കാവിയല്ല എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത് എന്നും ലോഖനത്തിൽ കോടിയേരി പറയുന്നു.

ബിജെപിയും കോൺഗ്രസും മുസ്‌ലിം ലീഗും മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും സിപിഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.

2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഇതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും കോടിയേരി എഴുതുന്നു.