LiveTV

Live

Kerala

'കൊറോണ വന്നാ കൊയപണ്ടാവും, എല്ലാരും മാസ്ക് ഇടണം': ഫായിസ്

സാനിറ്റൈസർ ഉപയോ​ഗിച്ച് കൈകൾ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് തരികയാണ് ഫായിസ്. ഒപ്പം മാസ്ക് നിർബന്ധമായും ധരിക്കണമെന്നും പറയുന്നു ഫായിസ്.

'കൊറോണ വന്നാ കൊയപണ്ടാവും, എല്ലാരും മാസ്ക് ഇടണം': ഫായിസ്

'ചെലോല്‍ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല്ല' എന്ന വാക്കുകളിലൂടെ മലയാളികള്‍ക്ക് പോസിറ്റീവ് എനര്‍ജി സമ്മാനിച്ച മുഹമ്മദ് ഫായിസ് കോവിഡ് ബോധവൽക്കരണത്തിനും മുൻനിരയിലുണ്ട്. സാനിറ്റൈസർ ഉപയോ​ഗിച്ച് കൈകൾ വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് തരികയാണ് ഫായിസ്. ഒപ്പം മാസ്ക് നിർബന്ധമായും ധരിക്കണമെന്നും പറയുന്നു ഫായിസ്.

‘പെരുന്നാൾ ഒക്കെയാണ് എല്ലാരും പുറത്തിറങ്ങുമ്പോൾ മാസ്കിടണം. കൊറോണ വന്നാ കൊയപണ്ടാവും’- എന്നാണ് ഫായിസ് പറയുന്നത്. മലപ്പുറം ജില്ലാ ഇന്‍ഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക പേജിലാണ് ഫായിസിന്റെ കൊറോണ ബോധവത്ക്കരണ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്തെ ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഫായിസ്.

വീട്ടിലെ മുറിയില്‍ വെച്ച് പൂവ് നിര്‍മിക്കുന്ന വിദ്യ പഠിപ്പിക്കുന്ന ഫായിസ് വളരെ ആത്മവിശ്വാസത്തോടെ പൂവ് നിര്‍മിക്കാന്‍ ആരംഭിക്കുന്നതും വേണ്ടത്ര രീതിയില്‍ വിജയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ആ പരാജയത്തെ മറികടക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ചെലോൽത് റെഡ്യാകും, ചെലോൽത് റെഡ്യാകൂല്ല.. റെഡ്യായില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്ലാ’ എന്ന ആ കുരുന്നിന്റെ വാക്കുകൾ ചെറിയ പ്രതിസന്ധികളിൽ തളർന്നുപോകുന്ന മുതിർന്നവർക്കുള്ള എക്കാലത്തെയും മികച്ച സന്ദേശമായി തീർന്നു. ജൂലൈ 22ന് ചിത്രീകരിച്ച വീഡിയോ പിന്നീട് കുടുംബ ഗ്രൂപ്പുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഫായിസിന്‍റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ പരസ്യത്തിന് ഉപയോഗിച്ചതിന് മില്‍മ നല്‍കിയ റോയല്‍റ്റി തുക ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 10000 രൂപയും ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉൽപന്നങ്ങളുമാണ് ഫായിസിന് റോയല്‍റ്റിയായി മിൽമ നല്‍കിയത്. തുകയിലൊരു ഭാഗം ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് നല്‍കാനാണ് ഫായിസിന്റെ തീരുമാനം.

ഫായിസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുകയുണ്ടായി. ഫായിസ് ലോകത്തിന് മാതൃകയാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ചെറിയ തോല്‍വികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് ഫായിസ് ഒരു മാതൃകയാണ്. വീണ്ടും വീണ്ടും പരിശ്രമിക്കണം എന്ന സന്ദേശമാണ് കുട്ടി നല്‍കിയത്. തനിക്ക് കിട്ടിയ സമ്മാനത്തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ബാക്കി തുക നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെക്കുന്നു. എല്ലാവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹിക പ്രതിബദ്ധതയാണ് ഫായിസ് സമൂഹത്തിന് നല്‍കുന്നത്. ഫായിസിനേയും അവന് പിന്തുണ നല്‍കിയ രക്ഷിതാക്കളേയും അഭിനന്ദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊറോണ വന്നാ കൊയപണ്ടാവും. പെരുന്നാള് ഒക്കെ ആണ്... അതോണ്ട് എല്ലാരും മാസ്ക് ഇടണം...

Posted by District Information Office, Malappuram on Thursday, July 30, 2020