LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരൂഹ ഇടപെടലുകൾ സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണം - വെൽഫെയർ പാർട്ടി

റീബിൽഡ് കേരള പദ്ധതിയിലേക്ക് ആഗോളാടിസ്ഥാനത്തിൽ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കെ.പി.എം.ജിയെ കൊണ്ടു വന്നതും വിവാദമായതാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരൂഹ ഇടപെടലുകൾ സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണം - വെൽഫെയർ പാർട്ടി

കൺസൽട്ടൻസി കരാറുകൾ, അനധികൃത നിയമനങ്ങൾ, ഭൂമി ഇടപാടുകൾ, ദുരൂഹമായ പദ്ധതികൾ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട വഴിവിട്ട നടപടികളെ സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി അഴിമതി നിറഞ്ഞ ഇടപാടുകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കരന് സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയുകയാണ്. ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിമ്പട്ടികയിലുൾപ്പെട്ട കമ്പനികളുമായി നിരവധി കൺസൽട്ടൻസി കരാറുകളിലാണ് ഏർപ്പെട്ടിട്ടുള്ളത്. ചീഫ് സെക്രട്ടറിയുടെ തന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി സ്ഥാനത്ത് നിന്ന് വിവാദ കമ്പനിയായ പി.ഡബ്ലൂ.സിയെ സർക്കാരിന് ഒഴിവാക്കേണ്ടി വന്നു.

റീബിൽഡ് കേരള പദ്ധതിയിലേക്ക് ആഗോളാടിസ്ഥാനത്തിൽ തന്നെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കെ.പി.എം.ജിയെ കൊണ്ടു വന്നതും വിവാദമായതാണ്. സമാനമാണ് ഡേറ്റാ സുരക്ഷയ്ക്ക് ഭീഷണിയായി ചൂണ്ടിക്കാണിക്കപ്പെട്ട സ്പ്രിംക്ലർ കരാർ. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ടും റോഡ് വികസനത്തിന്റെ പേരിൽ മറ്റ് ചില പദ്ധതികളിലും നിരവധി ആരോപണങ്ങൾ നേരിടുന്ന ലൂയിസ് ബർഗർ എന്ന കൺസൽട്ടൻസിയെ നിയമിച്ചതും ദുരൂഹമാണ്. പ്രളയകാലത്തെ മറപിടിച്ച് വന്ന ബ്രൂവറി ഇടപാട്, ബെവ്ക്യൂ ആപ്പ്, പമ്പയിലെ മണലൂറ്റൽ, മാർക്ക് ദാനം, ഐ.ടി വകുപ്പിലും മറ്റ് വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട കരാർ നിയമനങ്ങൾ, പാർട്ടി നേതാക്കളുടെ ആശ്രിതർക്കും ബന്ധുക്കൾക്കുമായി നടത്തിയ പ്രത്യേക നിയമനങ്ങൾ,സി.എ.ജി ചൂണ്ടിക്കാട്ടിയ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ 151 കോടി രൂപയുടെ അഴിമതി അടക്കം എണ്ണിയാലൊടുങ്ങാത്ത അവിശുദ്ധ ഇടപെടലുകളുടെ നീണ്ട നിരയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്. ഹാരിസൺ അടക്കമുള്ള പ്ലാൻറേഷൻ കോർപ്പറേറ്റുകളുടെ ഭൂമി കൈയേറ്റം നിയമ വിധേയമാക്കി നൽകാനുള്ള നീക്കം മറ്റൊരു വഴിക്കു നടക്കുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്ത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന എൻ.ഐ.എ അന്വേഷണത്തിന്റെ മറപിടിച്ച് മറ്റുള്ള ആരോപണങ്ങളെ കണ്ടില്ലെന്നു നടിക്കാനുള്ള നീക്കമാണ് പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. ഇത്തരം ഇടപെടലുകൾ സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്. ഇത് സംബന്ധിച്ച് കേരള നിയമസഭ സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങളുടെ മുമ്പാകെ കൊണ്ടുവരണമെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.