LiveTV

Live

Kerala

പാലത്തായി പീഡനകേസ്; ഇരയായ പെൺകുട്ടിയിൽ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു

കേസില്‍ ഇതാദ്യമായാണ് ക്രൈംബ്രാഞ്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തുന്നത്

പാലത്തായി പീഡനകേസ്; ഇരയായ പെൺകുട്ടിയിൽ നിന്ന് ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു

പാലത്തായി പീഡന കേസില്‍ ഇരയായ പെൺകുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു. എ.എസ്.പി രേഷ്മ രമേശിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. കേസില്‍ ഇതാദ്യമായാണ് ക്രൈംബ്രാഞ്ച് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് എസ്.പി ഡി ശില്‍പ, കണ്ണൂർ നാർക്കോട്ടിക് എസ്.പി രേഷ്മ രമേശ് എന്നിവര്‍ ക്രൈം ബ്രാഞ്ച് സംഘത്തില്‍ ഇടംപിടിച്ചത്. അന്വേഷണസംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണമെന്ന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ്(രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. വനിത ഐ.പി.എസ് ഓഫീസറെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്ന് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കേസിൽ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു.

കേസിലെ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇരയുടെ മാതാവ് പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.

പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.