LiveTV

Live

Kerala

കണ്ടെത്താനായില്ല, പക്ഷേ കാണാതായെന്ന് സമ്മതിക്കുകയുമില്ല

കാലിക്കറ്റ് സര്‍വകലാശാലയില്‍ ടാബുലേഷന്‍ രജിസ്റ്ററുകള്‍ നഷ്ടമായി

കണ്ടെത്താനായില്ല, പക്ഷേ കാണാതായെന്ന് സമ്മതിക്കുകയുമില്ല

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ വിവരങ്ങള്‍ സൂക്ഷിക്കുന്ന ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായി. 1981 ലെ എംഎസ് സി സ്റ്റാറ്റിക്സ്,1992 ലേയും 1995 ലെയും എംഎ സൈക്കോളജി എന്നീ കോഴ്സുകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളാണ് കാണാതായത്. എന്നാല്‍ കാണാതായതല്ലെന്നും കണ്ടെത്താന്‍ കഴിയാത്തതുമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന,ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ടാബുലേഷന്‍ രജിസ്റ്റര്‍ നോക്കിയാണ്. മൂന്ന് പേര്‍ നല്‍കിയ ഇത്തരം അപേക്ഷ പരിഗണിച്ചപ്പോഴാണ് രണ്ട് കോഴ്സുകളുടെ മൂന്ന് വര്‍ഷ കാലത്തെ രജിസ്റ്ററുകള്‍ കാണാനില്ലെന്ന് മനസിലായത്. ഈ രജിസ്റ്ററുകള്‍ ഡിജിറ്റലൈസ് ചെയ്യാത്തതിനാല്‍ ഒരു കെട്ടിടത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത് . ഇതോടെ അതിപ്രധാന രേഖ പരീക്ഷ ഭവനില്‍ നിന്നും കണ്ടെത്താനായില്ലെന്ന് കാട്ടി പരീക്ഷ സ്ഥിരം സമിതി സിന്‍ഡിക്കേറ്റിന് റിപോര്‍‌ട്ട് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധനയില്ലാതെ ആവശ്യമായ രേഖ നല്‍കാനും നിര്‍ദേശം നല്‍കി.

എന്നാല്‍ ടാബുലേഷന്‍ രജിസ്റ്റര്‍ പൂര്‍ണമായും നഷ്ടപ്പെട്ടതായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സര്‍വകലാശാല പറയുന്നത്. ഡിജിറ്റലൈസേഷന്‍ നടക്കാത്തതിനാല്‍ കണ്ടെത്തുന്നതിനുള്ള പ്രായോഗികബുദ്ധിമുട്ടാണ് പ്രശ്നമെന്നാണ് വിശദീകരണം. മുഴുവന്‍ രേഖകളും പുതിയ കെട്ടിടം നിര്‍മിച്ച് മാറ്റുകയും ഡിജിറ്റലൈസേഷന്‍ നടത്താനുമുള്ള നടപടികള്‍ തുടങ്ങിയെന്നും സര്‍വകലാശാല വ്യക്തമാക്കി.