LiveTV

Live

Kerala

കാസര്‍കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 36 പേര്‍ക്ക് കോവിഡ്

സമ്പ‍ര്‍ക്ക രോഗികൾ കൂടിയതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കാസര്‍കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 36 പേര്‍ക്ക് കോവിഡ്

കാസർകോട് ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും നൂറു കടന്ന് രോഗികൾ. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്. വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 36 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പ‍ര്‍ക്ക രോഗികൾ കൂടിയതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ.

കാസർകോട് ജില്ലയിൽ ഓരോ ദിവസവും സമ്പർക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 105 പേരിൽ 88 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ചെങ്കള പിലാങ്കട്ടയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത 36 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 7 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 128 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോവാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം ചടങ്ങ് സംഘടിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ പൊലീസിന് നിർദ്ദേശം നൽകി. സമ്പർക്ക രോഗികളും ഉറവിടം അറിയാത്ത കേസുകളും വർദ്ധിച്ചതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നിലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പൊലീസ് സ്റ്റേഷൻ പരിധിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഇടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ 5 മണി വരെ പ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിരോധിച്ചു. പൊതു ഇടങ്ങളിലുള്ള കൂടിച്ചേരൽ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിക്കും.