LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് കോവിഡ് മരണം

മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുമാണ് മരിച്ചത്

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് കോവിഡ് മരണം

സംസ്ഥാനത്ത് ഒന്‍പത് കോവിഡ് മരണം കൂടി. തൃശൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണു മരണം. നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്.

തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദര്‍ (71) ഇന്ന് രാവിലെയാണ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല.

കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായിരുന്നു അബ്ദുള്‍ ഖാദര്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അബ്ദുള്‍ ഖാദറിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കുക.

ആന്‍റിബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയും മരിച്ചു. കുമ്പള പി.കെ നഗര്‍ സ്വദേശി അബ്ദുറഹ്മാന്‍ ആണ് മരിച്ചത്.

തൃശൂരും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശി വർഗീസ് (71) ആണ് മരിച്ചത്. ജൂലൈ 18 നാണ് കോവിഡ് ബാധിച്ച് തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ‌ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു. ഷാഹിദയുടെ മാതാവ് റുഖിയാബി മരിച്ചതും കോവിഡ് ബാധിച്ചാണ്.

കാടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തുവ്വൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുവൂർ സ്വദേശി ഹുസൈനാണ് രോഗം സ്ഥിരീകരിച്ചത്. 65 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം.