LiveTV

Live

Kerala

അതിവേഗ റെയില്‍: ഭൂമിയേറ്റെടുക്കല്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ നീക്കം

റവന്യൂ വകുപ്പിനെ മറികടന്നാണ് ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശം

അതിവേഗ റെയില്‍: ഭൂമിയേറ്റെടുക്കല്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കാന്‍ നീക്കം

ഭൂമിയേറ്റെടുക്കലിനും കണ്‍സള്‍ട്ടന്‍സിയെ വെയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. അതിവേഗ റെയില്‍ പദ്ധതിക്ക് ഭൂമിയേറ്റെടുക്കല്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ഗതാഗത സെക്രട്ടറി. റവന്യൂ വകുപ്പിനെ മറികടന്നാണ് ഗതാഗത സെക്രട്ടറിയുടെ നിര്‍ദേശം.

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതക്കുള്ള ഭൂമിയേറ്റെടുക്കല്‍ സ്വകാര്യഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാണ് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ഐ.എ.എസ് ഫയലില്‍ കുറിച്ചിരിക്കുന്നത്. പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുത്ത് കൈമാറാനുള്ള ഉത്തരവാദിത്തം റവന്യുവകുപ്പിനാണ്. ലാന്‍ഡ് അക്വസിഷന്‍ നിയമപ്രകാരം പൊതു ആവശ്യത്തിന് വേണ്ടിയുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ച് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ വരെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സേവനമാണ് ഉപയോഗിക്കേണ്ടത്.

എന്നാല്‍ സമയബന്ധിതമായി ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാര്യക്ഷമത റവന്യൂ വകുപ്പിനില്ലെന്ന് ഗതാഗത സെക്രട്ടറി ഫയലില്‍ കുറിച്ചു. ഫയല്‍ റവന്യൂ വകുപ്പ് കാണണമെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെ വിഷയം റവന്യൂ മന്ത്രിയുടെ മുന്നിലെത്തി. ഇനി വകുപ്പ് മന്ത്രിയുടെ നിലപാടാകും ഇതില്‍ നിര്‍ണായകമാവുക. ഭൂമിയേറ്റെടുക്കലിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഏറ്റെടുക്കല്‍ നടപടികളില്‍ മാനദണ്ഡം അട്ടിമറിക്കപ്പെടാനും അഴിമതിക്കും ഇത് ഇടയാക്കും. ഇ മൊബിലിറ്റി പദ്ധതിയില്‍ പി.ഡബ്യു.സിയെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിക്കാനുള്ള ഗതാഗത സെക്രട്ടറിയുടെ തീരുമാനം നേരത്തെ വിവാദമായിരുന്നു.