LiveTV

Live

Kerala

അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗത്തില്‍; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ. സുരേന്ദ്രന്‍

ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

അരുന്ധതി റോയിയുടെ ലേഖനം പാഠഭാഗത്തില്‍; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കെ. സുരേന്ദ്രന്‍

കാലിക്കറ്റ് സർവകലാശാല പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ലേഖനം ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. സർവകലാശാലയുടെ ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിൽ അരുന്ധതി റോയിയുടെ 'കം സെപ്തംബർ' എന്ന ലേഖനം ഉൾപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യം ക്യാമ്പസുകളെ മതത്തിന്റെ പേരിൽ വേർതിരിക്കലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ലേഖനം ഉടന്‍ പിന്‍വലിക്കണമെന്നും ഇത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കാശ്മീരിൽ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടൻ പിൻവലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും ഇന്ത്യൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വൻ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ആരുടെ കൈയ്യിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഹിന്ദുക്കൾ ഇന്ത്യയിൽ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിൻ്റെ ലക്ഷ്യം കാമ്പസുകളെ മതത്തിൻ്റെ പേരിൽ വിഭജിക്കലാണ്, കാശ്മീരിൽ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും ഫലസ്തീനെ പോലെ സാമ്രാജ്യത്വത്തിൻ്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമർത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കശ്മീർ രാജ്യത്തിൻ്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവർക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു.

ആഗോള ഭീകര സംഘടനയായ അൽഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസിൽ ഉൾക്കൊള്ളിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാഠഭാഗത്തിൻ്റെ തുടക്കത്തിൽ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റർ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിൻ്റെ പേരിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്ന പിണറായി സർക്കാർ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ തയ്യാറാവണമെന്നും സുരന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു.