LiveTV

Live

Kerala

വിദ്യാര്‍ഥി അറിയാതെ പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അയച്ചതായി പരാതി

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മലപ്പുറം എടപ്പാളിലെ ശിഖയുടെ പേപ്പറുകളാണ് പുനർമൂല്യനിർണയത്തിനയച്ചത്.

വിദ്യാര്‍ഥി അറിയാതെ പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അയച്ചതായി പരാതി

മലപ്പുറം എടപ്പാളിൽ വിദ്യാര്‍ഥിയോ രക്ഷിതാക്കളോ അറിയാതെ ഉത്തരപേപ്പറുകൾ പുനർമൂല്യനിർണയത്തിന് അയച്ചതായി പരാതി . എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മലപ്പുറം എടപ്പാളിലെ ശിഖയുടെ പേപ്പറുകളാണ് പുനർമൂല്യനിർണയത്തിനയച്ചത്. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ശിഖ വിജയിച്ചത്. എന്നാൽ പരീക്ഷാഫലം വന്നതിന് പിന്നാലെ ശിഖയോ രക്ഷിതാക്കളോ അറിയാതെ ഉത്തരപ്പേപ്പറുകളുടെ പുനർമൂല്യനിർണയത്തിന് ആരോ അപേക്ഷ സമർപ്പിച്ചു. സ്കൂൾ അധികൃതർ അപേക്ഷ പരീക്ഷാഭവനിലേക്ക് കൈമാറുകയും ചെയ്തു.

രജിസ്റ്റര്‍ നമ്പറും ജനന തിയ്യതിയും വച്ച് ആര്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാവുന്ന ഓൺലൈൻ സംവിധാനമാണ് നിലവിലുള്ളത്. പേപ്പറിന് 400 രൂപ വീതം ഫീസടക്കേണ്ടതുണ്ടെങ്കിലും പൊന്നാനി താലൂക്ക് നിയന്ത്രിത മേഖലയായതിനാൽ പണം അടക്കുന്നതിന് സാവകാശം നല്‍കിയിരുന്നു.

ഓരോ അപേക്ഷയും വിശദമായി പരിശോധിക്കാൻ പൊന്നാനിയിലെ പ്രത്യേക സാഹചര്യം കാരണം സമയം ലഭിച്ചിരുന്നില്ലെന്നാണ് എടപ്പാള്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കൻഡറി സ്കൂളിൻ്റെ വിശദീകരണം. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത ചങ്ങരംകുളം പൊലീസ് ന്റെ അന്വേഷണം പുരോഗമിക്കുകയാണ് പ്രദേശത്തെ അക്ഷയ സെന്ററുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത് .