LiveTV

Live

Kerala

കിഴക്കമ്പലം ട്വന്‍റി - 20 മാതൃകയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ചെല്ലാനം നിവാസികള്‍

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി മാറ്റിയ ചെല്ലാനത്ത് ഇത്തവണ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്


കിഴക്കമ്പലം ട്വന്‍റി - 20 മാതൃകയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ചെല്ലാനം നിവാസികള്‍

കിഴക്കമ്പലം ട്വന്‍റി - 20 മാതൃകയില്‍ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാനൊരുങ്ങുകയാണ് ചെല്ലാനം നിവാസികള്‍. ചെല്ലാനം ട്വന്‍റി - 20 എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് സോഷ്യല്‍മീഡിയ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി മാറ്റിയ ചെല്ലാനത്ത് ഇത്തവണ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്.

ചെല്ലാനം തീരത്തെ സംരക്ഷിക്കാന്‍ പുലിമുട്ട് നിര്‍മിക്കണമെന്നത് ചെല്ലാനം നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാന പെരുമഴ ചൊരിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്ന് പോകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കാറുമില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍‌ക്കെതിരെ തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ചെല്ലാനം നിവാസികള്‍ക്കിടയില്‍ ശക്തമായത്. ചെല്ലാനം ട്വന്‍റി - 20 എന്ന പേരില്‍ ചെല്ലാനത്തെ യുവാക്കള്‍ ചേര്‍ന്ന് 21 വാര്‍ഡിലും കൂട്ടായ്മക്ക് രൂപം നല്‍കി കഴിഞ്ഞു.

ചെല്ലാനം ട്വന്‍റി - 20 യുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓരോ വാര്‍ഡുകളിലും ബോധവല്‍ക്കരണം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന് ശേഷം ചെല്ലാനത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കൂട്ടായ്മകളെയടക്കം കോര്‍ത്തിണക്കി സംഘടനക്ക് രൂപം നല്‍കാനാണ് തീരുമാനം. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ച കിഴക്കമ്പലം ട്വന്‍റി - 20 ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനും ചെല്ലാനം ട്വന്‍റി - 20 തീരുമാനമെടുത്തിട്ടുണ്ട്.