LiveTV

Live

Kerala

ഐ. ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് ഒരു ലക്ഷം മെയിലുകൾ അയക്കുന്നു

അപരിചിതനായ ഒരാൾക്ക് ഫോൺ സന്ദേശത്തിലൂടെ ഐ.ജി. കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി അടക്കമുള്ള കേസിൻ്റെ വിവരങ്ങൾ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ്

ഐ. ജി ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് ഒരു ലക്ഷം മെയിലുകൾ അയക്കുന്നു

പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജനെതിരായ അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ. ജി ശ്രീജിത്തിൻെറ ഫോൺ സംഭാഷണം തികച്ചും നിയമ വിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കണം. കുറ്റപത്രം പൂർണമായി സമർപ്പിക്കപ്പെടാത്ത കേസ് കോടതിയിൽ നിലനിൽക്കുകയാണ്. പ്രതിക്ക് അനുകൂലവും  ഇരയുടെ ആത്മാഭിമാനം തകർക്കുന്നതുമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. കുട്ടിയെ സ്വഭാവഹത്യ ചെയ്ത് പ്രതിക്കെതിരെയുള്ള പുനരാന്വേഷണം തടയുന്നതും, കേസ് വീണ്ടും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയുമാണിത്

കുട്ടി മജിസ്ട്രേറ്റിൻ്റെ മുന്നിൽ വ്യക്തമായി മൊഴി കൊടുത്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടും ഉണ്ട്. പോക്സോ പ്രകാരമാണ് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെങ്കിലും പല തവണ വീട്ടിനകത്തും ഡി.വൈ.എസ്.പി ഓഫീസ് അടക്കമുള്ള പോലീസ് സ്റ്റേഷനിലും പുറത്തും ചോദ്യം ചെയ്തതിലൂടെ ലോക്കൽ പോലീസ്  കുട്ടിയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. അത്തരമൊരു മാനസിക സ്ഥിതിയിൽ ചെറിയ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയും രഹസ്യമൊഴിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞ് അപരിചിതനായ ഒരാൾക്ക് ഫോൺ സന്ദേശത്തിലൂടെ ഐ.ജി. കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴി അടക്കമുള്ള കേസിൻ്റെ വിവരങ്ങൾ മുഴുവനും കൈമാറുന്നത് വ്യക്തമായ നിയമ ലംഘനമാണ്. കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴി പരസ്യമാക്കിയത് കടുത്ത നിയമ ലംഘനമാണ്. നീതി നിഷേധിക്കപ്പെട്ട  പീഡിതയായ പെൺകുട്ടിയെ വീണ്ടും അപമാനിക്കുകയും മാനസിക പീഡനം നടത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഇരയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ വിരുദ്ധമായ സംസാരം പ്രതിയുടെ കുറ്റവിമുക്തിക്ക് അനുകൂലമാക്കാനാണ് ഐ.ജി. ശ്രമിച്ചത്.

ഭാഗികമായി മാത്രം കുറ്റപത്രം സമർപ്പിച്ച കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ ഇരയുടെ മൊഴികളും കേസിൻെറ നിലയും പരസ്യപ്പെടുത്തി നിയമലംഘനം നടത്തിയ ഐ. ജി ശ്രീജിത്തിൻെറ അന്വേഷണത്തിൽ ഞങ്ങൾ നീതി  പ്രതീക്ഷിക്കുന്നില്ല. കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയത് ബി.ജെ.പി.നേതാവായ പ്രതിയെ രക്ഷിക്കാൻ മാത്രമാണ്. ഈ കേസിൻ്റെ അന്വേഷണച്ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണം. അതോടൊപ്പം ഗുരുതരമായ നിയമ ലംഘനം നടത്തിയ അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കണം. ഈ കേസിൽ ഉന്നത റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കൃത്യമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോയി പ്രതിയെയും കൂട്ടുപ്രതികളെയും ശിക്ഷക്ക് വിധേയമാക്കണം. ഈ ആവശ്യങ്ങളുയർത്തിയാണ് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ഒരു ലക്ഷം മെയിലുകൾ അയക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് അറിയിച്ചു.