LiveTV

Live

Kerala

വാരിയൻ കുന്നത്ത് സമ്പൂർണ ജീവിത ചരിത്രം മാപ്പിളപ്പാട്ടിൽ

'കപ്പപ്പാട്ട്‌ ' ഇശലിൽ തയ്യാറാക്കിയ കൃതിയിൽ വാരിയൻ കുന്നത്തിന്റെ ജനനം, ബാല്യം, വിവാഹം, മക്കയിലെ ജീവിതം, രാഷ്ട്രീയം, പോരാട്ടം, മരണം എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങൾ കോർത്തിണക്കിയിട്ടുണ്ട്.

വാരിയൻ കുന്നത്ത് സമ്പൂർണ ജീവിത ചരിത്രം മാപ്പിളപ്പാട്ടിൽ

കോഴിക്കോട്: മലബാറിലെ സ്വാതന്ത്ര്യ സമര പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമ്പൂർണ്ണ ജീവിത ചരിത്രം 'വാരിയൻ കുന്നത്ത് സീറപ്പാട്ട്' എന്ന പേരിൽ പുസ്തക രൂപത്തിലും ഓഡിയോ റെക്കോർഡിങ് രൂപത്തിലും പുറത്തിറക്കി. നസറുദ്ദീൻ മണ്ണാർക്കാട് രചന നിർവ്വഹിച്ച കൃതി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീഡേഴ്സ് നെറ്റ്‌വർക്ക് എന്ന പ്രസാധാലയമാണ് സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുന്നത്. കൃതിയിലൂടെ പ്രകാശനം പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ ആയി നിർവ്വഹിച്ചു. ഫിറോസ് നാദാപുരത്തിന്റെ സംഗീതത്തിൽ യുവ ഗായകൻ അഷ്ക്കറലി മണ്ണാർക്കാടാണ് 43 മിനുട്സ് നീളുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സൗജന്യ ഇ-ബുക്കും ഗാനവും www.variyankunnath.com എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്.

പരമ്പരാഗത 'കപ്പപ്പാട്ട്‌ ' ഇശലിൽ 440 വരികളിലായി എഴുതി തയ്യാറാക്കിയ കൃതിയിൽ വാരിയൻ കുന്നത്തിന്റെ ജനനം, ബാല്യം , വിവാഹം , മക്കയിലെ ജീവിതം , രാഷ്ട്രീയം , പോരാട്ടം , മരണം എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങൾ കോർത്തിണക്കിയിട്ടുണ്ട്.

ഇതിഹാസ തുല്യമായ ഒരു ജീവിതത്തെ മറവിയിലേക്ക് തള്ളിയിടാനുള്ള ശ്രമങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലമായി ബ്രിട്ടീഷ് കാലം മുതൽക്ക് നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കേണ്ടത് ഒരു ദൗത്യമായി കണ്ട് ആധികാരികമായ ചരിത്രത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ കൃതി സൗജന്യമായാണ് ജനങ്ങളിലെത്തിക്കുന്നതെന്നും പ്രസാധകര്‍ പറയുന്നു. കുഞ്ഞാലി മരക്കാർ പടപ്പാട്ടാണ് മാപ്പിളപ്പാട്ട് രചനാ രംഗത്ത്‍ സജീവമായി നിൽക്കുന്ന നസറുദ്ദീൻ മണ്ണാർക്കാടിന്റെ ആദ്യ കൃതി. പൂർവ്വ കവികൾ പാലിച്ചു പോന്ന രചനാ നിയമങ്ങൾ കണിശമായി പാലിച്ചു കൊണ്ടാണ് രണ്ടു കൃതികളും പൂർത്തിയാക്കിയതെന്ന് നസറുദ്ദീൻ പറയുന്നു . മാപ്പിളപ്പാട്ട് വിദഗ്ദ്ധൻ ഹസ്സൻ നേടിയനാട് സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ കൃതിയുടെ പ്രസാധനത്തിന് എ. എം നദ്‌വിയാണ് മുൻകൈ എടുത്തത്.

ഒ.എം കരുവാരക്കുണ്ട്, ബദറുദീൻ പാറന്നൂർ , ഖലീലുല്ലാഹ് ചെമ്മനാട് , മൊയ്‌ദീൻ കുട്ടി ഇരിങ്ങല്ലൂർ, സുബൈ വെള്ളിയോട് , ഇഖ്ബാൽ മടക്കര , ഇല്യാസ് കടമേരി വഹീദ് മാസ്റ്റർ മണ്ണാർക്കാട് തുടങ്ങിയവര്‍ പ്രകാശന ചടങ്ങിൽ പങ്കാളികളായി.