LiveTV

Live

Kerala

റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 40 വീടുകളുമായി പീപ്പിൾസ് ഫൌണ്ടേഷൻ

മലപ്പുറം കുന്നുമ്മലിൽ ‍ വെച്ച് നടന്ന രണ്ടാംഘട്ട പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ.അബ്ദുല്‍ അസീസ് നിർവഹിച്ചു.

റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 40 വീടുകളുമായി പീപ്പിൾസ് ഫൌണ്ടേഷൻ

നിലമ്പൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ പീപ്പിൾസ് ഫൌണ്ടേഷൻ നടപ്പാക്കുന്ന പ്രളയ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 40 വീടുകളാണ് നിർമിച്ചു നൽകുക. കൂടാതെ മറ്റു പുനരധിവാസ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

പീപ്പിൾസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാണ് റീഹാറ്റ് നിലമ്പൂർ പദ്ധതിയും. മലപ്പുറം കുന്നുമ്മലിൽ ‍ വെച്ച് നടന്ന രണ്ടാംഘട്ട പദ്ധതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ.അബ്ദുല്‍ അസീസ് നിർവഹിച്ചു. സഹായങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുക മാത്രമാണ് പീപ്പിൾസ് ഫൌണ്ടേഷൻ നിർവ്വഹിക്കുന്നതെന്ന് എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സിന്‍റെ പങ്കാളിത്തത്തോട് കൂടി നടപ്പാക്കുന്ന പദ്ധതിയുടെ ഈ ഘട്ടത്തിൽ പ്രധാനമായും 40 വീടുകള്‍ പണിത് നൽകും. എടക്കര പഞ്ചായത്തിലെ ചാത്തമുണ്ടയില്‍ 27 വീടുകളും പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറയില്‍ 13 വീടുകളുമാണ് നിർമിച്ചു നൽകുക.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ വെല്‍ഫയര്‍ ട്രസ്റ്റിന്‍റെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് . പ്രളയത്തില്‍ നഷ്ടം സംഭവിച്ച നിലമ്പൂര്‍ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാര്‍ക്ക് 94 ലക്ഷം രൂപയുടെ സഹായവും റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനം, സ്വയം തൊഴില്‍ പദ്ധതി, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, പൊതുസ്ഥലങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്‍റെ ഭാഗമായി ‍ നടപ്പിലാക്കും.

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി.വി.അന്‍വര്‍, എ.പി.അനില്‍കുമാര്‍, തുടങ്ങിയവരും പദ്ധതി പ്രവർത്തനോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാതൃകാപരമായ നടപടികളാണ് പീപ്പിൾസ് ഫൗണ്ടേഷന്റേതെന്നു മുഖ്യാതിഥികളായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും നിലമ്പൂർ എംഎൽഎ പിവി അൻവറും പറഞ്ഞു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി, ഇംപെക്‌സ് മാനേജിങ് ഡയറക്ടര്‍ സി. നുവെസ്, ഡോ.അബ്ദുസ്സലാം വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്.