LiveTV

Live

Kerala

"കോവിഡ് പ്രതിരോധം മാരത്തണ്‍"; ബി.ബി.സി റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി

പി.ആര്‍. വര്‍ക്കുകൊണ്ടാണ് ബി.ബി.സി ആദ്യം പുകഴ്ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്

"കോവിഡ് പ്രതിരോധം മാരത്തണ്‍"; ബി.ബി.സി റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബി.ബി.സിയില്‍ വന്ന ലേഖനത്തിനേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി.ആര്‍. വര്‍ക്കുകൊണ്ടാണ് ബി.ബി.സി ആദ്യം പുകഴ്ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്. അത് മറന്നുപോകാന്‍ പാടില്ല. ഇപ്പോള്‍ കേരളത്തിനെന്തൊ തിരിച്ചടി നേരിട്ടു എന്ന തരത്തിലാണ് അത്തരം ആളുകള്‍ ഈ വാര്‍ത്തകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവില്‍ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. രോഗികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ആശുപത്രികള്‍ വീര്‍പ്പുമുട്ടിയിട്ടില്ലെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് 101 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 18 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151ല്‍ 137ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്. മൂന്ന് തീരദേശ മേഖലകളിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൊതുജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.