LiveTV

Live

Kerala

നാല് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട: 15 ദിവസത്തിനിടെ പിടികൂടിയത് 27 കിലോ സ്വര്‍ണം

കസ്റ്റംസും എന്‍ഐഎയും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള കള്ളക്കടത്ത് വഴികള്‍ ചികഞ്ഞെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.

നാല് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട: 15 ദിവസത്തിനിടെ പിടികൂടിയത് 27 കിലോ സ്വര്‍ണം

സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണം മുറുകുമ്പോഴും സംസ്ഥാനത്തേക്ക് കള്ളക്കടത്ത് സ്വര്‍ണം എത്തുന്നത് തുടരുന്നു. ഈ മാസം മാത്രം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 27 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കസ്റ്റംസും എന്‍ഐഎയും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള കള്ളക്കടത്ത് വഴികള്‍ ചികഞ്ഞെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അപ്പോഴും കള്ളക്കടത്ത് സംഘങ്ങള്‍ പരമ്പരാഗത വഴികളിലൂടെ സ്വര്‍ണം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട കണക്കുകളില്‍ നിന്നും തെളിയുന്നത്.

ജൂലൈ 1നും 15നുമിടയില്‍ കരിപ്പൂര്‍ വഴി മാത്രം സ്വര്‍ണം കടത്തിയതിന് പിടിയിലായത് 24 പേര്‍. പിടിച്ചെടുത്തത് 18 കിലോ 549 ഗ്രാം സ്വര്‍ണം. ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തിയത് പിടിയിലായതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചതില്‍ മൂന്ന് കിലോ 450 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂരിലൂടെ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ 225 ഗ്രാം സ്വര്‍ണവും നെടുമ്പാശേരി വഴി എത്തിക്കാന്‍ ശ്രമിച്ചതില്‍ 2 കിലോ 130 ഗ്രാം സ്വര്‍ണവും പിടിച്ചെടുക്കാന്‍ കസ്റ്റംസിനായി.

ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം സ്വര്‍ണം പിടികൂടാനുള്ള കാരണം തന്നെ പുതിയ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത് കൊണ്ട് മാത്രം. കള്ളക്കടത്തുകാര്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയിരുന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഇതിനിടയിലും സംസ്ഥാനത്തേക്ക് കള്ളക്കടത്തിലൂടെ സ്വര്‍ണം ഇത്തരം സംഘങ്ങള്‍ എത്തിച്ചുവെന്നാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ അനുമാനം‍.