LiveTV

Live

Kerala

'പാലത്തായി പ്രതിക്കായി കുറ്റപത്രം വളച്ചൊടിച്ചു; സിപിഎം - ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു': മുരളീധരന്‍

സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പിന് കീഴിൽ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന്‍

'പാലത്തായി പ്രതിക്കായി കുറ്റപത്രം വളച്ചൊടിച്ചു; സിപിഎം - ബിജെപി ബാന്ധവത്തിന് പെണ്‍കുട്ടിയെ ഇരയാക്കുന്നു': മുരളീധരന്‍

പാലത്തായി പീഡന കേസ് തുടക്കം മുതൽ തേച്ചുമായ്ച്ചു കളയാൻ സിപിഎം ശ്രമിച്ചുവെന്ന് കെ മുരളീധരന്‍ എംപി. പ്രതിക്ക് വേണ്ടി കുറ്റപത്രം വളച്ചൊടിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം - ബിജെപി ബാന്ധവത്തിനായി പെണ്‍കുട്ടിയെ ഇരയാക്കുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

പാലത്തായി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. പ്രതിക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന തരത്തിലാണ് കുറ്റപത്രം വളച്ചൊടിച്ചത്. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും പങ്കുണ്ട്. സംഘികളെ കുറ്റം പറയുന്ന മുഖ്യമന്ത്രി തന്‍റെ വകുപ്പിന് കീഴിൽ അവരെ സംരക്ഷിക്കുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

പാലത്തായി പീഡന കേസില്‍ ബി.ജെ.പി നേതാവായ പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് പോക്സോ ഒഴിവാക്കിയാണ്. പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്‍റ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.