LiveTV

Live

Kerala

'വന്നത് ഹവാല പണമാണെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കണം, സംഖ്യ കണ്ടുകെട്ടണം'; ഫിറോസ് കുന്നംപറമ്പില്‍

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഫിറോസ് കുന്നംപറമ്പില്‍, ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ പൊലീസ്​ കേസെടുത്തത്

'വന്നത് ഹവാല പണമാണെങ്കിൽ അക്കൗണ്ടുകൾ മരവിപ്പിക്കണം, സംഖ്യ കണ്ടുകെട്ടണം'; ഫിറോസ് കുന്നംപറമ്പില്‍

ചികിത്സയുമായി ബന്ധപ്പെട്ട സഹായതുക തര്‍ക്കത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. സഹായം സ്വീകരിച്ച വർഷയുടെ അമ്മക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

വര്‍ഷയുടെയും അമ്മയുടെയും ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണവും സർക്കാർ തിരിച്ച് പിടിക്കണമെന്നും ഹവാലക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അവരുടെ അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ടെന്നും അവരെയും പ്രതിചേർത്ത് കേസ് എടുക്കണമെന്നും ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫിറോസ് കുന്നംപറമ്പില്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക്​ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ്​ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ്​ കേസ്.

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക്​ സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്​ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക്​ സഹായവുമായി സന്നദ്ധപ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി വരികയും 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു.​ ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ സഹായാഭ്യർഥന ഫേസ്ബുക്കില്‍ ഷെയർ ചെയ്​തിരുന്നു. പിന്നീട് ലഭിച്ച പണത്തിന്‍റെ പേരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. തുടർന്ന്​ കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിർദേശിച്ചു. അസി. കമീഷണർ മേൽനോട്ടം വഹിക്കുന്ന കേസിൽ എസ്.ഐ ലിജോ ജോസഫ് എത്തി വർഷയുടെ മൊഴി രേഖപ്പെടുത്തി.