LiveTV

Live

Kerala

ചികിത്സാസഹായം: ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ്​ കേസ്

ചികിത്സാസഹായം:  ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

ചികിത്സയുമായി ബന്ധപ്പെട്ട സഹായതുക തര്‍ക്കത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക്​ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ്​ കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ്​ കേസ്.

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക്​ സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്​ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷക്ക്​ സഹായവുമായി സന്നദ്ധപ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി വരികയും 1.35 കോടി രൂപയോളം സംഭാവനയായി ലഭിക്കുകയും ചെയ്തു.​ ഫിറോസ് കുന്നംപറമ്പില്‍ ഉൾപ്പെടെ സഹായാഭ്യർഥന ഫേസ്ബുക്കില്‍ ഷെയർ ചെയ്​തിരുന്നു. പിന്നീട് ലഭിച്ച പണത്തിന്‍റെ പേരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. എന്നാല്‍ വന്നത് ഹവാല പണമാണെങ്കിൽ അവരുടെ അക്കൗണ്ട് മരവിപ്പിച്ച് ആ പണം മുഴുവൻ സർക്കാർ കണ്ടു കെട്ടണമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചു.

തുടർന്ന്​ കൊച്ചി സിറ്റി ഡി.സി.പി ജി. പൂങ്കുഴലി അന്വേഷണത്തിന് നിർദേശിച്ചു. അസി. കമീഷണർ മേൽനോട്ടം വഹിക്കുന്ന കേസിൽ എസ്.ഐ ലിജോ ജോസഫ് എത്തി വർഷയുടെ മൊഴി രേഖപ്പെടുത്തി.