LiveTV

Live

Kerala

'ഇപ്പോൾ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലെ?"; ശ്രീരാമകൃഷ്ണനോട് ടെന്നി ജോപ്പൻ

സോളാര്‍ കേസില്‍ സരിത നായരുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ടെന്നി ജോപ്പന് രാജി വെക്കേണ്ടി വന്നിരുന്നു

'ഇപ്പോൾ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോൾ വേദനിച്ചു അല്ലെ?"; ശ്രീരാമകൃഷ്ണനോട് ടെന്നി ജോപ്പൻ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷുമായും സന്ദീപ് നായരുമായും സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ ബന്ധം വിവാദമായിരിക്കെ സോളാര്‍ കേസും വിവാദങ്ങളും ഓര്‍മ്മിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍. സോളാര്‍ കേസില്‍ സരിത നായരുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ടെന്നി ജോപ്പന് രാജി വെക്കേണ്ടി വന്നിരുന്നു.

'ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ?'എന്നിങ്ങനെ ചോദ്യത്തോടെയാണ് ടെന്നി ജോപ്പന്‍ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. 'ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. ഏഴു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്‍റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?. ദൈവം എന്നൊരു മഹാശക്തി ഉണ്ടെന്നും അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് പഠിച്ചിട്ടുള്ളതെന്നും ടെന്നി ജോപ്പൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എന്‍റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല )ഇതാണ് സർ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്‍റെ പേരിൽ ഞാനും എന്‍റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ?

ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പെടെ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്തുവെന്ന്. 2013 ജൂൺ 10ന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എന്‍റെ രാജിക്കത്ത് ഞാൻ കൊടുക്കുന്നു. ജൂൺ 15ന് എന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. (ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതു ഭരണ വകുപ്പിൽ അതിന്‍റെ കോപ്പി കിട്ടും ) അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്‍റെ കുടുംബവുമെന്ന് അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല, എന്‍റെ കുടുംബം അല്ലാതെ.

ഞാൻ ഈ എഴുതുന്നത് 7 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്‍റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും?

കോടതിയിൽ കിടക്കുന്ന കേസ് ആയത് കൊണ്ട് എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.

ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

( ഒരുപാട് എഴുതണം എന്നുണ്ട്.എഴുതാൻ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ ).