LiveTV

Live

Kerala

ശ്രേയാംസ് കുമാറിനെ നീക്കിയ നടപടി; സംസ്ഥാന ഘടകത്തില്‍ അതൃപ്തി രൂക്ഷം

ജെ.ഡി.എസുമായുള്ള ലയന ചര്‍ച്ചകളെയും പുതിയ വിവാദം ബാധിച്ചേക്കും

ശ്രേയാംസ് കുമാറിനെ നീക്കിയ നടപടി; സംസ്ഥാന ഘടകത്തില്‍ അതൃപ്തി രൂക്ഷം

സംസ്ഥാന പ്രസിഡന്‍റ് ശ്രേയാംസ് കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ലോക് താന്ത്രിക് ജനതാദളില്‍ അതൃപ്തി രൂക്ഷം. ജെ.ഡി.എസുമായുള്ള ലയന ചര്‍ച്ചകളെയും പുതിയ വിവാദം ബാധിച്ചേക്കും. ശ്രേയാംസിനെതിരായ നീക്കത്തിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ശ്രേയാംസ് കുമാറിനെ മാറ്റാനുള്ള കേന്ദ്ര നേതൃ‍ത്വത്തിന്‍റെ തീരുമാനം പെട്ടെന്നുണ്ടായതല്ലെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം. പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നില്ലെന്ന് ഡോ. വര്‍ഗീസ് ജോര്‍ജ്ജ് വ്യക്തമാക്കിയെങ്കിലും ഈ നീക്കമുണ്ടാക്കിയ ആഘാതം ചില്ലറയായിരിക്കില്ല. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ശ്രേയാംസ് കുമാറിനെ നീക്കാനുള്ള തീരുമാനത്തിനെതിരായിരുന്നു ഭൂരിപക്ഷവും. ശ്രേയാംസ് തന്നെ പ്രസിഡന്‍റായി തുടരണമെന്ന പ്രമേയവും പാസാക്കി. ശ്രേയാംസിനെതിരായി ചരടുവലികള്‍ നടത്തിയവരെ കണ്ടെത്താന്‍ തന്നെയാണ് തീരുമാനം.

വീരേന്ദ്ര കുമാറിന്‍റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന രാജ്യ സഭാ സീറ്റിനെച്ചൊല്ലിയും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുതിര്‍ന്ന നേതാവായ വര്‍ഗീസ് ജോര്‍ജ് ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തുന്നു.പുതിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അഭിപ്രായ ഭിന്നത രൂക്ഷമാകും. ജെ.ഡി.എസുമായുള്ള ലയന നീക്കവും വൈകാന്‍ പുതിയ സാഹചര്യം ഇടയാക്കും.