രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകള്‍; ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ളത് ആശങ്കയുണ്ടാക്കുന്ന വര്‍ധനവ്

കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ളത് ആശങ്കയുണ്ടാക്കുന്ന വര്‍ധനവ്. രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ സമൂഹവ്യാപനം വൈകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാഴ്ചക്കുള്ളില്‍ അയ്യായിരത്തിലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 70 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പൂന്തുറ, തൂണേരി, ചെല്ലാനം ഉള്‍പ്പെടെ പത്തിടങ്ങളിലെ സ്ഥിതി ഗുരുതരമാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. കാസര്‍കോട് ജില്ലയില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ - കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഒഴികെയുള്ള റോഡുകൾ അടച്ചു പൂട്ടി.
കോട്ടയം ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ രണ്ട് തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യ മാർക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. ബുധനാഴ്ച മരിച്ച പറവൂർ കുഴുപ്പിള്ളി കോൺവെന്റിലെ കന്യാസ്ത്രീക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടലിനെ തുടർന്ന് പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 38 ആയി.