LiveTV

Live

Kerala

സ്വര്‍ണത്തിന്‍റെ നിറം കാവിയും പച്ചയും; സ്വര്‍ണക്കടത്ത് കേസ് മറ്റൊരു ചാരക്കേസാകാന്‍ അനുവദിക്കില്ലെന്ന് കോടിയേരി

കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം

സ്വര്‍ണത്തിന്‍റെ നിറം കാവിയും പച്ചയും; സ്വര്‍ണക്കടത്ത് കേസ് മറ്റൊരു ചാരക്കേസാകാന്‍ അനുവദിക്കില്ലെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് കേസ് മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയും മുന്നണിയും മുഖ്യമന്ത്രിക്കൊപ്പമാണ്. സ്വര്‍ണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്നും കോടിയേരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെ പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നഡ്ഡ സ്വര്‍ണത്തിന് ചുവപ്പു നിറമാണ് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് മറുപടി . വിവാദങ്ങള്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

കോടിയേരിയുടെ ലേഖനത്തില്‍ നിന്ന്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിനെ പരാമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്. എന്നാൽ, ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ പ്രഖ്യാപിത ബിജെപിക്കാരനാണ്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ വിരട്ടിയ ബിഎംഎസ് നേതാവായ ഹരിരാജ്‌, പ്രതികൾക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകൻ എന്നിവരെല്ലാം കാവിക്കൊടിയുമായി നടക്കുന്ന സംഘപരിവാറുകാരാണ്. വിവാദവനിതയും സംഘവും ഒളിത്താവളം തേടിയെത്തിയതാകട്ടെ ബിജെപി ഭരിക്കുന്ന കർണാടകത്തിലാണ്. ഇതൊന്നും നിഷേധിക്കാൻ ബിജെപി നേതാക്കൾക്കാകില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ്, മൂവാറ്റുപുഴയിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങിയവരെല്ലാം മുസ്ലിംലീഗുമായി സജീവ ബന്ധമുള്ളവരാണ്.

റമീസ് ആകട്ടെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ അടുത്ത ബന്ധുവുമാണ്. കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയ വീടാകട്ടെ യുഡിഎഫ് ബന്ധമുള്ള ആളുടേതുമാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് കേസിൽ ഏത് പാർടിക്കാരും സംഘടനകളുമാണ് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിലും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ നേരിടാൻ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് എൻഐഎ കരുതുന്ന തീവ്രവാദ വർഗീയ സംഘടനകളുമായി കൂട്ടുകൂടാനാണ് മുസ്ലിംലീഗും കോൺഗ്രസും നയിക്കുന്ന യുഡിഎഫിന്റെ തീരുമാനം. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ വഴിതെറ്റൽ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാകും.

കള്ളക്കടത്ത് സ്വർണത്തിന്‍റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം. ദുബായിൽനിന്ന്‌ കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗിലല്ല എന്നുപറയാൻ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? കേസിന്‍റെ ഗൗരവം കുറച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ പ്രസ്താവനയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയിൽ എൻഐഎ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്ന വിലയിരുത്തൽ നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ നടപടി കേസിൽ ഉൾപ്പെട്ട ബിജെപി നേതാക്കളെ രക്ഷിക്കാനുള്ളതാകണം.