LiveTV

Live

Kerala

'ഇനിയും അപമാനിതരാവാൻ വയ്യ, നീതി ഉറപ്പുവരുത്തണം'; ലാപ്ടോപ്പ് നല്‍കാത്ത പഞ്ചായത്തിനെതിരെ ദലിത് വിദ്യാര്‍ഥിനിയുടെ കുറിപ്പ്

രണ്ട് സഹോദരിമാര്‍ക്കും ലാപ്ടോപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കാന്‍ നെടുങ്കണ്ടം പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് അനഘ ബാബു പറയുന്നു

'ഇനിയും അപമാനിതരാവാൻ വയ്യ, നീതി ഉറപ്പുവരുത്തണം'; ലാപ്ടോപ്പ് നല്‍കാത്ത പഞ്ചായത്തിനെതിരെ ദലിത് വിദ്യാര്‍ഥിനിയുടെ കുറിപ്പ്

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിക്ക് കോടതി ഉത്തരവ് ലഭിച്ചിട്ടും ലാപ്ടോപ്പ് കൈമാറാതെ ഇടുക്കി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വിദ്യാര്‍ത്ഥി അനഘ ബാബുവിനാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അധികൃതരില്‍ നിന്നും ജാതീയ വിവേചനം നേരിടേണ്ടി വന്നത്. ബിരുദാനന്തര ബിരുദ ഉപരിപഠനം നടത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ലാപ്‌ടോപ്പിനായി 2018ലാണ് അനഘയും സഹോദരി ആര്‍ദ്രയും നെടുങ്കണ്ടം പഞ്ചായത്തില്‍ ഗ്രാമ സഭ മുഖേന അപേക്ഷ നല്‍കുന്നത്. എന്നാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ലാപ്‌ടോപ്പ് നല്‍കാനാകൂ എന്ന പഞ്ചായത്തിന്‍റെ നിര്‍ബന്ധത്തിലും പ്രൊഫഷണല്‍ കോഴ്‌സ് ഉപരിപഠനക്കാര്‍ക്ക് മാത്രമേ നല്‍കൂ എന്ന ചട്ടത്താലും പഞ്ചായത്ത് അധികൃതര്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് സമ്മതിച്ചു. പിന്നീട് ലാപ്ടോപ്പ് അര്‍ഹരായവരുടെ പട്ടികയില്‍ സഹോദരിയുടെ പേര് വരികയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രളയകാരണം ചൂണ്ടിക്കാട്ടി പഞ്ചായത്ത് ലാപ്ടോപ്പ് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ദിശ എന്ന സംഘടന മുഖേന അഡ്വ. പി കെ ശാന്തമ്മ കേസേറ്റെടുക്കുകയും കേരള ഹൈക്കോടതി അഞ്ചാഴ്ച്ചയ്ക്കകം അനഘക്കും സഹോദരി ആര്‍ദ്രക്കും രണ്ട് ലാപ്ടോപ്പുകള്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി അംഗീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് അനഘ ബാബു പറയുന്നു. സംഭവം വിശദമാക്കി അനഘ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പിലാണ് പഞ്ചായത്തിന്‍റെ ജാതി വിവേചനം ചൂണ്ടിക്കാട്ടുന്നത്. ഇനിയും അപമാനിതരാവാൻ വയ്യെന്നും, അന്തസ്റ്റോടെ ജീവിക്കാന്‍ നീതി ഉറപ്പുവരുത്തണമെന്നും അനഘ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അനഘ ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പട്ടികജാതിയിൽപ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാൻ വയ്യ.ഇടുക്കി ജില്ലയിലെ നെടുംക്കണ്ടം ഗ്രാമപഞ്ചായത്തിന് കീഴിലാണ് ഞാൻ താമസിക്കുന്നത്. വളരെയധികം സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുംബമാണ്, ദലിതരാണ്. അച്ഛനും അമ്മയ്ക്കും ശാരീരിക വയ്യായ്മകൾ ഉണ്ട്.

ഞാൻ ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ പിജിയിൽ ഒന്നാം വർഷം ചേരുന്ന സമയത്ത് തന്നെ(2018 ൽ) പഞ്ചായത്തിന്റെ എസ് സി എസ് ടി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പിനായുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തരം സമർപ്പിച്ചിരുന്നു. ആ വർഷം തന്നെ അർഹരായവരുടെ ലിസ്റ്റിൽ എന്റെ അനിയത്തി ആർദ്ര ബാബുവിന്റെ പേര് വന്നിരുന്നു. എന്നാൽ നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ലാപ് ടോപ്പ് നൽകാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചു. 2018,2019 കാലഘട്ടത്തിൽ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു.ഒടുക്കം Dissertation പൂർത്തിയാക്കാൻ വഴിയില്ലാതെ ഞാൻ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. ഇത്തവണ KELTRON ൽ നൽകിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമായ് കാരണം പറച്ചിൽ. എന്നാൽ യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓൺലൈൻ പഠനവും മുടങ്ങി.സുഹ്യത്തിന്റെ കുറച്ച് പ്രശ്നങ്ങളുള്ള ലാപ് ടോപ്പ് കടം വാങ്ങിയാണ് ഞാൻ പിജി Dissertation പൂർത്തിയാക്കിയത്. ലാപ്പ്ടോപ്പ് കേടുവന്ന് വർക്ക് മുടങ്ങി രാത്രികളിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട് സാർ. അർഹതയുണ്ടായിട്ടും പഠനോപകരണം ലഭിക്കാതെ കടുത്ത മാനസിക സംഘർഷം ഞങ്ങളനുഭവിച്ചു.

തുടർന്ന് ദിശ എന്ന സംഘടന മുഖാന്തം അഡ്വ. Pk Santhamma മാഡം സൗജന്യമായാണ് ബഹു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. WP(C).No.12752 OF 2020(T) ൽജസ്റ്റിസ് അലക്സാഡർ ജേക്കബ് സാർ ആദ്യ സിറ്റിംഗിൽ തന്നെ അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നൽകുവാൻ ഉത്തരവിട്ടു. പഞ്ചായത്തിനോട് ഉത്തരവ് കെൽട്രോണിന് അയക്കുവാനും ഉത്തരവിൽ സൂചിപ്പിച്ചു.

ഇന്ന് ഹൈക്കോടതി വിധി പ്രകാരം , കോടതി നിർദ്ദേശിച്ച പ്രകാരം ഹൈക്കോടതി ഉത്തരവിന്റെ ഒർജിനൽ പകർപ്പുമായ് അനിയത്തിയും അമ്മയും പഞ്ചായത്തിലെത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും ശ്യാമള വിശ്വനാഥൻ എന്ന മെമ്പറും അമ്മയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു. "നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാൻ പിന്നെയും വരണോ" എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. "ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക, എന്റെ ഭാഗത്താണ് ന്യായം, കെൽട്രോൺ എപ്പോൾ തരുന്നോ അപ്പഴേ നിങ്ങൾക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ "എന്നാണ് സെക്രട്ടറി അമ്മയോട് കയർത്ത് പറഞ്ഞത്.

ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ നിന്ന് പഠിച്ചാണ് ഞാൻ Sociology ൽ NET വാങ്ങിച്ചത്. അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ട്. സർക്കാറിന്റെ സ്റ്റെപന്റ് കൊണ്ട് മാത്രം മുന്നോട്ട് വിദ്യാഭ്യാസം കൊണ്ടുപോകുന്ന രണ്ട് ദലിത് വിദ്യാർത്ഥിനികളെയാണ് വീണ്ടും വീണ്ടും അധിക്യതർ അപമാനിക്കുന്നത്.പഞ്ചായത്തിലേയ്ക്ക് വരാനുള്ള പൈസ പോലുമില്ലാത്ത രണ്ട് വിദ്യാർത്ഥിനികളോടാണ് അധികൃതർ അനാസ്ഥ കാണിക്കുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഉത്തരവുമായ് ചെല്ലുമ്പോഴും ഞങ്ങൾ വീണ്ടും അപമാനിക്കപ്പെടുകയാണ്. ഞങ്ങളുടെ വീട് പൊട്ടിപൊളിഞ്ഞ് വീഴാറായിട്ടും ഞങ്ങൾക്ക് ഉടനടി വീടു നൽകുമെന്നും ലിസ്റ്റിൽ ഞങ്ങളുണ്ടെന്നും പറഞ്ഞ് വാർഡ് മെമ്പർ എന്നെയും കുടുംബത്തേയും പറ്റിച്ചു. ഈ കേസ് കൊടുത്തതിന് ശേഷം പഞ്ചായത്ത് അധിക്യതർ ഞങ്ങളുടെ പേര് വീടിനായുള്ള ഒരു ലിസ്റ്റിലുമില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഞങ്ങൾക്ക് അന്തസ്റ്റോടെ ജീവിക്കണം സാർ. ദയവായി പ്രസ്തുത വിഷയങ്ങളിൽ നടപടികൾ സ്വീകരിക്കണെമെന്നും ഞങ്ങൾക്ക് നീതി ഉറപ്പു വരുത്തണമെന്നും അഭ്യർത്ഥിക്കുന്നു